
കൂടത്തായി മോഡൽ കൊലപാതക പരമ്പരയിൽ മഹാരാഷ്ട്രയിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗിരോളിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേർ അടുത്തടുത്തായി അസാധാര സാഹചര്യങ്ങളിൽ മരിച്ചതാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി ബന്ധമുള്ള സംഘമിത്ര കുംഭാരെ, റോസ രാംതേക എന്നിവരാണ് അറസ്റ്റിലായത്. 20 ദിവസത്തിനിടെയാണ് ഒരു കുടുംബത്തിലെ അഞ്ചുപേർ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത്. ശങ്കർ പിരു കുംഭാരെയും ബന്ധുക്കളുമാണ് പെട്ടെന്ന് ആരോഗ്യനില വഷളായി മരിക്കുന്നത്. 2023 സെപ്റ്റംബർ 20 നാണ് ശങ്കർ കുംഭാരെയേയും ഭാര്യ വിജയ കുംഭാരെയേയും ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബർ 26 ന് ശങ്കർ കുംഭാരെയും പിറ്റേന്ന് ഭാര്യയും മരിച്ചു.
ഈ ദുഃഖത്തിൽ നിന്നും കരകയറുന്നതിന് മുമ്പെയാണ് ശങ്കർ കുംഭാരെയുടെ മകൻ റോഷൻ കുംഭാരെ, മകൾ കോമൾ ദഹാഗോക്കർ, മകന്റെ മകൾ വർഷ ഉറാദെ എന്നിവർ ശാരീരികാവശതകളെത്തുടർന്ന് ആശുപത്രിയിലാകുന്നത്. രോഗം മൂർച്ഛിച്ച് ഒക്ടോബർ എട്ടിന് കോമളും 14 ന് വർഷയും 15 ന് റോഷൻ കുംഭാരെയും മരിച്ചു. ദുരൂഹമരണം തുടർക്കഥയായതോടെ നടത്തിയ അന്വേഷണത്തിൽ, മരിച്ചവരുടെ ശരീരത്തിൽ വിഷാംശം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയതായി ഗഡ്ചിരോളി എസ്പി പറഞ്ഞു. തുടർന്ന് നാലു പ്രത്യേക സംഘങ്ങളെ നിയോഗിച്ച് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് സൂചന ലഭിക്കുന്നത്. കൊല്ലപ്പെട്ട ശങ്കർ കുംഭാരെയുടെ മകന്റെ ഭാര്യയാണ് അറസ്റ്റിലായ സംഘമിത്ര. ശങ്കറിന്റെ അളിയന്റെ ഭാര്യയാണ് മറ്റൊരു പ്രതിയായ റോസ രാംതേകെ. ഒക്ടോബർ 18 ന് കസ്റ്റഡിയിലെടുത്ത പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുടുംബസ്വത്ത് തട്ടിയെടുക്കുന്നതിനായിട്ടാണ് പ്രതികൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഗഡ്ചിരോളി എസ്പി വ്യക്തമാക്കി.
















© Copyright 2025. All Rights Reserved