
ആകമാനം ടാക്സി നിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. ജീവിതച്ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മറ്റൊരു തിരിച്ചടിയായി ഇത് പരിണമിച്ചേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. യൂബര്‍ ഉള്‍പ്പെട്ട ഒരു നിയമയുദ്ധത്തിലാണ് ഈ വിധി ഉണ്ടായിരിക്കുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച് സ്വകാര്യ ടാക്സി ഓപ്പറേറ്റര്‍മാര്‍ വാറ്റ് ഈടാക്കുന്നില്ല. ഈ നിയമമനുസരിച്ച് ഡ്രൈവര്‍മാരെ സ്വതന്ത്ര കോണ്ട്രാക്ടര്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ വാറ്റ് അടക്കാന്‍ ആവശ്യമായ പ്രതിവര്‍ഷം 85,000 പൗണ്ട് എന്ന ചുരുങ്ങിയ വരുമാനം കമ്പനികള്‍ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ വിധി, ടാക്സി കമ്പനികള്‍ വാറ്റ് ഈടാക്കുന്നതില്‍ കലാശിച്ചേക്കാം.
ലണ്ടനിലെ യൂബറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഈടാക്കാമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് യൂബര്‍ ഇതിനോടകം തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, കാബ് ഓപ്പറേറ്റര്‍മാരെ വാറ്റില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള വ്യക്തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടാക്സി കമ്പനികള്‍ മന്ത്രിമാരെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പുതിയ ഹൈക്കോടതി യു കെ മുഴുവന്‍ ബാധകമാകുന്ന തരത്തിലുള്ളതാണ്. മാത്രമല്ല, ഓണ്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കും, ഉപഭോക്താക്കളില്‍ നിന്നും ഡ്രൈവര്‍മാര്‍ നേരിട്ട് പണം സ്വീകരിക്കുന്ന മിനി കാബ് കമ്പനികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഈ ഉത്തരവ് ആശയക്കുഴപ്പം വിതയ്ക്കുന്നു എന്നും ചെറുകിട സ്ഥാപനങ്ങളുടെ അടച്ചു പൂട്ടലിന് ഇത് കാരണമാകുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
വാഹനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ പണം മുന്‍കൂറായി സ്വീകരിക്കുന്ന യൂബര്‍ പോലുള്ള കമ്പനികലും, ഡ്രൈവര്‍മാര്‍ വഴി ബുക്കിംഗ് സ്വീകരിച്ച്, ഡ്രൈവര്‍മാര്‍ വഴി തന്നെ പണം സ്വീകരിക്കുന്ന ചെറുകിട കമ്പനികളും തമ്മില്‍ വേര്‍തിരിച്ചു കാണണമെന്ന് നാഷണല്‍ പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ടാക്സി അസ്സോസിയേഷന് ഡയറക്ടര്‍ ഡേവ് ലോറി ആവശ്യപ്പെട്ടു. ഈ പുതിയ ഉത്തരവ് ഒരുപക്ഷെ നിരവധി സ്വയം തൊഴില്‍ സംരംഭകരെ വഴിയാധാരമാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
















© Copyright 2025. All Rights Reserved