
നികുതിയിളവ് ആവശ്യപ്പെട്ടു കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്നും ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. 2006ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾക്ക് നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. ഈ പരിധിയിൽ കാർഷിക ഗ്രാമ വികസന ബാങ്കുകളും വരുമെന്നു ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് നികുതിയടയ്ക്കാൻ നിർദേശം നൽകിയത്.
2008 മുതലുള്ള നികുതിയടയ്ക്കണമെന്ന ആദായനികുതി വകുപ്പ് ഉത്തരവിനെതിരേ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതിയിളവ് ലഭിച്ചില്ല. ഇതേത്തുടർന്നാണ് സുപ്രീംകോടതിയിൽ എത്തിയത്.
സഹകരണബാങ്കുകൾ എന്ന പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും സഹകരണ സൊസൈറ്റികളാണ് ഇത്തരം സ്ഥാപനങ്ങളെന്ന വാദമാണ് ഹർജിക്കാർ കോടതിയിൽ ഉയർത്തിയത്. സഹകരണ സൊസൈറ്റികൾക്ക് 2006 ലെ നിയമപ്രകാരം നികുതിയളവുണ്ടെന്നും സഹകരണ ബാങ്കുകളുടെ പ്രവർത്തനമല്ല കാർഷിക ഗ്രാമ വികസന ബാങ്കുകൾ നടത്തുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ വിധി.
കേരളത്തിലെ 74 ബാങ്കുകൾക്കായി 600 കോടി രൂപയുടെ നികുതിയിളവാണ് ഇതോടെ ലഭ്യമാകുക. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾക്കും വിധി ഗുണകരമാകും.
മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ബാങ്കുകൾക്കുവേണ്ടി ഹാജരായി.
















© Copyright 2025. All Rights Reserved