
2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്ന് കളികളിൽ രണ്ടെണ്ണത്തിലും ജയിച്ചുനിൽക്കുകയാണ് ആരാധകരുടെ പ്രിയ ടീമായ കേരള ബ്ലാസ്റ്റേഴ്സ് . കൊച്ചിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ മഞ്ഞപ്പട മൂന്നാമത്തെ കളിയിലാണ് ആദ്യ പരാജയം ഏറ്റുവാങ്ങിയത് വിജയത്തുടർച്ച നഷ്ടമായതിന്റെ നിരാശയിലിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോളിതാ പുതിയൊരു തലവേദന കൂടി വന്നിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി സുരക്ഷ ഒരുക്കിയതിന് കേരള പോലീസിന് നൽകാനുള്ള വൻ തുക ഉടൻ നൽകേണ്ടി വരുമെന്നതാണ് ഇത്. ഒരു കോടി 34 ലക്ഷം രൂപയെന്ന വമ്പൻ തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്, കേരള പോലീസിന് നൽകേണ്ടതെന്നാണ് റിപ്പോർട്ടുകൾ. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുള്ള തുകയാണിത്. ഈ പണം ആവശ്യപ്പെട്ട് കേരള പോലീസ് മേധാവി നിരവധി തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സി ഇ ഓയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ ഐ എസ് എൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ സർക്കാരിനെ സമീപിച്ച ബ്ലാസ്റ്റേഴ്സ് ഈ തുക ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകിക്കൊണ്ട്, ലഭിക്കാനുള്ള തുക എത്രയും പെട്ടെന്ന് വാങ്ങാൻ കേരള പോലീസിന് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തുവെന്നാണ് വാർത്തകൾ. കേരള പോലീസിന്, കേരള ബ്ലാസ്റ്റേഴ്സ് 1.34 കോടി രൂപ കുടിശിക നൽകാനുണ്ടെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതർ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
















© Copyright 2025. All Rights Reserved