
ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി യു.എ.ഇയുടെ ഔദ്യോഗിക എണ്ണക്കപ്പലിന് നേരെ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ പശ്ചിമേഷ്യൻ കടലിലെ സുരക്ഷ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇതിനിടെ യെമനിലെ വിമത സംഘടനയായ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരപരാധികളായ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മോച്ച എന്ന ചെങ്കടൽ തുറമുഖ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഹൂതികൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകൾ താമസസ്ഥലത്ത് പതിച്ചാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ ചാനലായ സബ യാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതിന് പുറമെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തായ്സ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലുകളിൽ 27 ഹൂതി വിമതർ കൊല്ലപ്പെട്ടിട്ടുണ്ട്. അൽ-ബർഹ് മുന്നണിയിൽ യെമൻ സർക്കാരിനെ അനുകൂലിക്കുന്ന സൈന്യവുമായി നടന്ന കനത്ത പോരാട്ടത്തിലാണ് വിമതർ കൊല്ലപ്പെട്ടത്. സർക്കാരിന്റെ നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് ശക്തമായ പ്രത്യാക്രമണം നടത്തിയതിലൂടെ ഹൂതികളുടെ ഒരു പുതിയ മുന്നേറ്റം തടയാൻ കഴിഞ്ഞു. സംഘർഷത്തിൽ മറ്റ് പത്തൊൻപത് ഹൂതി പോരാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സൈന്യവും തമ്മിലുള്ള യുദ്ധം ദിനംപ്രതി രൂക്ഷമാകുകയാണ്. ഈ നിരന്തരമായ യുദ്ധം കാരണം യെമനിൽ ലക്ഷക്കണക്കിന് ജനങ്ങൾ വൻ തോതിലുള്ള പട്ടിണിയും ദുരിതവും അനുഭവിക്കുകയാണ്.
















© Copyright 2025. All Rights Reserved