
ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്‍റുമായി പ്ലേ ഓഫിലെത്തി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില പതറിയെങ്കിലും ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ചുറിയുടെയും(47 പന്തില്‍ 70), ഹെന്‍റിച്ച് ക്ലാസന്‍റെ വെടിക്കെട്ടിന്‍റെയും(26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്‍റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) മടക്കിയ മുകേഷ് ചൗധരി ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും തകര്‍ത്തടിക്കാന്‍ അനുവദിക്കാതിരുന്ന ചെന്നൈ ബൗളര്‍മാര്‍ പവര്‍ പ്ലേയില്‍ ഹൈദരാബാദിനെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സിലൊതുക്കി. പവര്‍ പ്ലേയില്‍ 14 പന്ത് നേരിട്ട അഭിഷേകിന് 18 റണ്‍സ് മാത്രമാണ് നേടാനായത്. ഇഷാന്‍ കിഷനാകട്ടെ 16 പന്തില്‍ 20 റൺസ് മാത്രമാണ് നേടിയത്. പവര്‍ പ്ലേക്ക് പിന്നാലെ നൂര്‍ അഹമ്മദിനെ സിക്സ് പറത്തിയ അഭിഷേക് കത്തിക്കയറുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ അക്കീല്‍ ഹൊസൈന്‍ മടക്കിയതോടെ ഹൈദരാബാദ് പതറി. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് ഹൈദരാബാദ് സ്കോര്‍ ചെയ്തത്.
എന്നാല്‍ നാലാം നമ്പറിലിറങ്ങിയ ഹെന്‍റി ക്ലാസന്‍ സ്പിന്നർമാര്‍ക്കെതിരെ സ്വീപ്പും റിവേഴ്സ് സ്വീപ്പുമായി കളം നിറഞ്ഞതോടെ ചെന്നൈയുടെ പിടി അയഞ്ഞു. ഇതോടെ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പേസര്‍മാരെ പന്തെറിയാന്‍ വിളിച്ചെങ്കിലും തകര്‍ത്തടിച്ച ഇഷാന്‍ കിഷന്‍ ഹൈദരാബാദിനെ നയിച്ചു. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 16 റണ്‍സടിച്ച കിഷന്‍ ഹൈദരാബാദിന്‍റെ സമ്മർദമകറ്റി.
















© Copyright 2025. All Rights Reserved