
സംസ്ഥാനത്ത് സർക്കാർ-ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എല്ലാ ഭരണ ഘടന സീമകളും ലംഘിക്കുകയാണ്. പെൻഷൻ നൽകുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂൾ പണിയുന്നു. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഭരണഘടനാപരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാം. കോടതി ചോദിക്കുമ്പോൾ തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മറുപടി നൽകും. സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ല. സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. അതിൽ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്താണ് കലാ മണ്ഡലത്തിൽ സംഭവിച്ചത്. പുതിയ ചാൻസലർ പണം ചോദിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സാമ്പത്തികമായി തകർന്നു നിൽക്കുകയാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബില്ലുകളിൽ ഒപ്പിടത്തതിനെതിരെയാണ് ഹർജി. ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ല എന്നാണ് സർക്കാർ നിലപാട്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ രാജ്ഭവനിൽ തുടർനടപടികൾ സ്വീകരിക്കാതെ പിടിച്ചുനിൽക്കുന്ന ഗവർണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ കുറിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.
ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് തിരിച്ചെടുക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്ക് ഭരണഘടനയും പറയുന്നു. എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നാൽ സർക്കാരിന് ഓർമിപ്പിക്കാമെന്നല്ലാതെ കൂടുതൽ ഇടപെടലുകൾ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.
ഗവർണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.
















© Copyright 2025. All Rights Reserved