
നാളെ ഒരേസമയം നാലിലധികം മികച്ച മലയാള സിനിമകളാണ് കേരള ബോക്സ് ഓഫീസിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൈജു കുറുപ്പ് നായകനായി എത്തുന്ന 'ആരം' എന്ന ചിത്രമാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കുന്ന ഈ ചിത്രം സൈജു കുറുപ്പിന്റെ കരിയറിലെ തന്നെ വലിയൊരു തിയേറ്റർ റിലീസ് കൂടിയാണ്. ഇതിന് പുറമെ ആക്ഷൻ കോമഡി ഫാന്റസി വിഭാഗത്തിൽ ഒരുക്കിയിട്ടുള്ള 'ധൂമകേതു' എന്ന ചിത്രവും നാളെ വലിയ രീതിയിൽ തിയേറ്ററുകളിൽ എത്തും. ശ്രീനാഥ് ഭാസി നായകനായെത്തുന്ന 'ഒറിജിനൽ' എന്ന ചിത്രമാണ് നാളെ റിലീസിനെത്തുന്ന മറ്റൊരു പ്രധാന സിനിമ. ടൈം ട്രാവൽ പ്രമേയമാക്കി ഫാന്റസി കോമഡി ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് ആണ് നായികയായി വരുന്നത്. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തുന്ന 'അമാനുഷികം' ആണ് ഈ ലിസ്റ്റിലെ അടുത്ത വമ്പൻ ചിത്രം. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മികച്ച ഒരു പോലീസ് സ്റ്റോറിയായി ഒരുക്കിയിട്ടുള്ള അമാനുഷികത്തിൽ അഞ്ചു കുര്യൻ ആണ് നായികാ വേഷത്തിൽ എത്തുന്നത്. സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന, സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ കോമഡി ചിത്രവും നാളെ റിലീസ് ചെയ്യുന്നുണ്ട്. കല്യാണ ദിവസം നടക്കുന്ന ചില രസകരമായ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ച നിവിൻ പോളി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റി'നോടാണ് ഈ പുതിയ സിനിമകൾക്ക് മത്സരിക്കേണ്ടി വരുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ ഇൻഡസ്ട്രി ഹിറ്റ് ചിത്രം റിലീസ് ചെയ്ത് അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറ്റി എൺപതിലധികം തിയേറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. അതുകൊണ്ടുതന്നെ നാളെ ഇറങ്ങുന്ന പുതിയ ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയാൽ മാത്രമേ ഈ വാരാന്ത്യത്തിൽ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കുകയുള്ളു.
















© Copyright 2025. All Rights Reserved