
പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് പാലക്കാട്–കുളപ്പുള്ളി പാതയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ചവർ പനമണ്ണ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പരിശ്രമിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
















© Copyright 2025. All Rights Reserved