
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ സാങ്കേതിക വികസനത്തിന് പ്രോത്സാഹനമായി നിർമിതബുദ്ധി അധിഷ്ഠിതമായ ആറ് പദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിക്കാൻ ഇൻ-സ്പേസ് തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററാണ് പദ്ധതികൾ തെരഞ്ഞെടുത്തത്. ബഹിരാകാശ സാങ്കേതികവിദ്യയിൽ നിർമിതബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. എ.ഐ. ഇൻസ്പയേർഡ് എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം നൽകുന്നത്. ഓരോ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിനും ഒരു കോടി രൂപവരെ ഗ്രാന്റ് ലഭിക്കാം.
പദ്ധതിക്കായി ആകെ ആറുകോടി രൂപവരെയാണ് നീക്കിവച്ചിട്ടുള്ളത്. 2026 ഫെബ്രുവരിയിൽ ഇൻ-സ്പേസ് പ്രഖ്യാപിച്ച സീഡ് ഫണ്ട് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ബഹിരാകാശ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കാൻ സഹായം നൽകുകയാണ് ലക്ഷ്യം. ഉപഗ്രഹങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ബഹിരാകാശ മാലിന്യങ്ങൾ കണ്ടെത്തൽ, ബഹിരാകാശ സാഹചര്യങ്ങൾ നിരീക്ഷിക്കൽ തുടങ്ങിയ മേഖലകളാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. ബഹിരാകാശ പേടകങ്ങളുടെ സ്വയംനിയന്ത്രിത പ്രവർത്തനവും ഉപഗ്രഹങ്ങളുടെ സേവന-ഇന്ധന പുനഃനിറയ്ക്കൽ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അഗ്നികുൾ കോസ്മോസ് കൃത്യമായ ലാൻഡിങ്ങിനായി നിർമിതബുദ്ധി ഉപയോഗിക്കുന്ന ദൃശ്യാധിഷ്ഠിത നാവിഗേഷൻ സംവിധാനം വികസിപ്പിക്കും. പേടകം ഇറങ്ങുന്നതിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ കൃത്യതയോടെ ദിശയും സ്ഥാനവും നിർണയിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ദിഗന്തര എന്ന സ്ഥാപനത്തിന്റെ പദ്ധതിയാണ് ഏജന്റിക് ആർ.എസ്.ഒ. ഇവാലുവേഷൻ സ്യൂട്ട്. ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അവിടെ പ്രവർത്തിക്കുന്ന വസ്തുക്കളെ നിരീക്ഷിക്കുന്നതിനും ഈ സംവിധാനം സഹായകമാകും. ഇ.ഒ.എൻ. സ്പേസ് ലാബ്സ് തത്സമയ നിരീക്ഷണത്തിനും ബഹിരാകാശ മാലിന്യങ്ങൾ കണ്ടെത്തുന്നതിനുമായി നിർമിതബുദ്ധി അധിഷ്ഠിത ഒപ്റ്റിക്കൽ പേലോഡ് വികസിപ്പിക്കും.
ഓർബിറ്റ്എയ്ഡ് എയ്റോസ്പേസ് ബഹിരാകാശത്തുള്ള മറ്റൊരു പേടകത്തിന്റെ സ്ഥാനം, ദിശ എന്നിവ നിർണയിക്കുന്നതിനുള്ള മെഷീൻ ലേണിങ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കും. ഭാവിയിൽ പേടകങ്ങൾ തമ്മിലുള്ള അടുക്കൽ, ഡോക്കിങ്, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇത്തരം സാങ്കേതികവിദ്യ പ്രയോജനപ്പെടും. ഓമ്നിപ്രസന്റ് റോബോട്ട് ടെക്നോളജീസ് സ്വയം ലക്ഷ്യം തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിക്കും. ടേക്ക്‌മീടുസ്പേസ് ഉപഗ്രഹങ്ങളുടെ ദിശ നിർണയവും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിനുള്ള നിർമിതബുദ്ധി സംവിധാനത്തിലാണ് പ്രവർത്തിക്കുക. ഇതിനുപുറമേ, ഫൂക്കോൾട്ട് പ്രൈവറ്റ് ലിമിറ്റഡ്, ആകാശവേദ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങൾക്ക് സാങ്കേതിക മാർഗനിർദേശവും പരിശീലനസഹായവും ലഭിക്കും. ഐ.എസ്.ആർ.ഒ. സൗകര്യങ്ങൾ ഉപയോഗിച്ച് സാങ്കേതികവിദ്യ പരിശോധിക്കാനുള്ള അവസരവും ഇവർക്ക് നൽകും. സ്വകാര്യ സംരംഭങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയും ഇന്ത്യയിൽ തന്നെ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
















© Copyright 2025. All Rights Reserved