
രാജ്യത്തു അടുത്ത ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടായി ഉയത്തും. നിലവിൽ 10.42 പൗണ്ടാണ് മിനിമം വേതനം. മിനിമം വേതനത്തിന് അർഹത നേടാനുള്ള പ്രായം നിലവിലെ 23 വയസ്സിൽനിന്നും 21 ആയി കുറയ്ക്കാനും തീരുമാനമുണ്ട്. പാർലമെന്റിൽ അവതരിപ്പിക്കുന്ന ശരത്കാല സാമ്പത്തിക നയത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ആദ്യമായാണ് 21 വയസ് പൂർത്തിയാകുന്നവർക്ക് ദേശീയ മിനിമം വേതനത്തിന് അർഹത ലഭിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ലഭിക്കുന്ന തീരുമാനമാകും ഇത്. നിലവിൽ 21നും 23നും ഇടയിൽ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 10.18 പൗണ്ട് ആണ്.
പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന 23നു മുകളിൽ പ്രായമുള്ളവർക്ക് പ്രതിവർഷം ശരാശരി 1800 പൗണ്ടിന്റെയും 21 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ശരാശരി 2300 പൗണ്ടിന്റെയും ശമ്പള വർധന ഈ തീരുമാനത്തോടെ ലഭിക്കും. രാജ്യത്തെ മിനിമം വേതനം 11 പൗണ്ടിന് മുകളിലാക്കുമെന്ന് ഒക്ടോബറിൽ നടന്ന കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ ചാൻസിലർ ജെറമി ഹണ്ട് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചാണ് ശരത്കാല സാമ്പത്തിക നയത്തിൽ ഇത്തരമൊരു തീരുമാനം ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ശമ്പള വർധന പ്രാബല്യത്തിലാകുമ്പോൾ 18നും 20നും മധ്യേ പ്രായമുള്ളവർക്ക് നിലവിൽ ലഭിക്കുന്ന 7.49 പൗണ്ട് മണിക്കൂറിന് 8.60 പൗണ്ടായി ഉയരും. അപ്രന്റീസുമാരുടെ വേതനം മണിക്കൂറിന് 5.28 പൗണ്ട് എന്നത് 6.40 പൗണ്ടായും വർധിക്കും.
രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ശമ്പള വർധന സംബന്ധിച്ച
പേ-കമ്മിഷന്റെ ശുപാർശകൾ ചാൻസിലർ അതേപടി അംഗീകരിക്കുകയായിരുന്നു.
















© Copyright 2025. All Rights Reserved