
ബ്രിട്ടനിൽ വാടക വീടുകളുടെ ഡിമാന്റേറിയതും സപ്ലൈയും കുറഞ്ഞത്തോടെ ആവശ്യക്കാരുടെ നീണ്ട ക്യൂ. രാജ്യത്തു ഓരോ വാടക വീടും കാണാൻ കാത്തിരിക്കുന്നവരുടെ ശരാശരി എണ്ണം 25 ആയി കൂടി. തൽഫലമായി രാജ്യത്താകമാനം വാടക മുമ്പില്ലാത്ത വിധത്തിൽ കുതിച്ചുയരുകയാണ്. ഇത് മലയാളികളടക്കമുള്ള പുതിയ കുടിയേറ്റക്കാർക്കു വലിയ തിരിച്ചടിയാണ്.
പുതിയ കണക്കുകളുമായി പ്രോപ്പർട്ടി പോർട്ടലായ റൈറ്റ്മൂവ് ആണ് രംഗത്തെത്തിയത് . വീട് വാടക്ക് കൊടുക്കുന്ന പരസ്യങ്ങൾ കണ്ട് അവ കാണുന്നതിനായി കാത്തിരിക്കുന്നവരുടെ ശരാശരി എണ്ണം 25 ആയാണ് വർധിച്ചിരിക്കുന്നത്. അഞ്ച് മാസം മുമ്പ് ഇത് 20 പേരായിരുന്നു. രാജ്യത്ത് വാടകവീടുകൾക്കുള്ള ആവശ്യക്കാരേറുന്നതും അവയുടെ ലഭ്യത കുറഞ്ഞതുമാണ് ഇത്തരത്തിൽ വാടക വീടുകൾ കാണുന്നതിനുള്ള ക്യൂവിന്റെ നീളം വർധിച്ചതിന് കാരണമായി എടുത്ത് കാട്ടപ്പെടുന്നത്.
2019ൽ ഇത്തരത്തിൽ ഒരു വാടക വീട് കാണുന്നതിനായി ശരാശരി ആറ് ടെലിഫോൺ കോൾ അല്ലെങ്കിൽ ഇമെയിൽ റിക്വസ്റ്റുകളുണ്ടായ സ്ഥാനത്താണ് നിലവിൽ അത് 25 ആയി കുതിച്ചുയർന്നിരിക്കുന്നത്. ഇത്തരത്തിലുളള റിക്വസ്റ്റുകൾ ഈ സ്പ്രിംഗ് കാലത്ത് 20 ആയും ഇപ്പോൾ 25 ആയും വർധിക്കുകയായിരുന്നു. വാടക വീടുകളുടെ കാര്യത്തിൽ ഡിമാന്റും സപ്ലൈയും തമ്മിലുള്ള പൊരുത്തമില്ലായ്മ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഏജന്റുമാർ പറയുന്നത്.
തൽഫലമായി വാടകകൾ യാതൊരു നിയന്ത്രണവുമില്ലാതെ വർധിക്കുന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. അതായത് ലണ്ടനു പുറത്തു പുതിയ വാടക വീടുകൾക്കുള്ള പ്രതിമാസ ശരാശരി വാടക 1278 പൗണ്ടായി കുതിച്ചുയർന്നിരിക്കുകയാണ്.
രാജ്യത്തിന്റെ മറ്റിടങ്ങളിലും വാടകകളിൽ വൻ വർധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് മാത്രം കഴിഞ്ഞ വർഷത്തെ ഇതേ സമയവമായി താരതമ്യപ്പെടുത്തുമ്പോൾ വീട്ട് വാടകകളിൽ പത്ത് ശതമാനം വർധനയുണ്ടായിരിക്കുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്.
കോവിഡിന് ശേഷം വിദ്യാർത്ഥികൾ മടങ്ങിയെത്തുകയും ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ വീടിന്റെ ഉടമസ്ഥതയെ കൂടുതൽ വിദൂര സാധ്യതകളാക്കി മാറ്റുകയും ചെയ്തതോടെ വാടകയ്‌ക്കെടുക്കുന്നവരിൽ നിന്നുള്ള ഡിമാൻഡ് കുതിച്ചുയർന്നു.
കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ, ഭവന മന്ത്രി റേച്ചൽ മക്ലീൻ പറഞ്ഞത് , നിയമ മാറ്റത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പാർലമെന്റിൽ ഇത് ഉടൻ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആണ് അറിയുന്നത് .
















© Copyright 2025. All Rights Reserved