
ബ്രിട്ടീഷ് ഗൃഹവിപണി വന് തകര്ച്ചയിലെക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്ട്ടുകള്; വീടുകളുടെ ശരാശാരി വിലയില് ഉണ്ടായിരിക്കുന്നത് ഏതാണ് 35,000 പൗണ്ടിന്റെ ഇടിവെന്നും റിപ്പോര്ട്ടില് പറയുന്നു. നേഷന്വൈഡ് ബില്ഡിംഗ് സൊസൈറ്റിയുടെ കണക്കുകള് പ്രകാരം ശരാശരി വിലയില് ഒക്ടോബറില് 0.9 ശതമാനം വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞവര്ഷം ഇതേ സമയത്തെ വിലയേക്കാള് 3.3 ശതമാനം കുറവാണ് ഇപ്പോള്.
ഇക്കഴിഞ്ഞ ഒക്ടോബര് മാസത്തില് ബ്രിട്ടനിലെ ഒരു ശരാശരി വീടിന്റെ വില 2,59,423 പൗണ്ട് ആയിരുന്നു. 2022 ഒക്ടോബറില് ഇത് 2,94,000 പൗണ്ട് ആയിരുന്നു എന്നോര്ക്കണം. അതായത് ഒരു വര്ഷത്തിനിടെ വീടിന്റെ വിലയില് ഉണ്ടായ ഇടിവ് 34,577 പൗണ്ട് ആണെന്ന് ചുരുക്കം. പ്രതിമാസ കണക്കുകള് പരിശോധിക്കുമ്പോള് ഒക്ടോബറില് വിലയില് ചെറിയൊരു വര്ദ്ധനവ് ഉണ്ടായെങ്കിലും, വിപണി അത്ര സജീവമല്ല എന്നാണ് നേഷന്വൈഡിന്റെ ചീഫ് എക്കണോമിസ്റ്റ് റോബര്ട്ട് ഗാര്ഡ്നര് പറയുന്നത്.വില്ക്കുവാന് ഉള്ള വീടുകള് കുറവായിരുന്നു എന്നതാണ് ഒക്ടോബറില് വില വര്ദ്ധിക്കാനുണ്ടായ പ്രധാന കാരണം എന്നും അദ്ദേഹം പറഞ്ഞു. ഈ പാദത്തിലും ഗൃഹവിപണി അത്ര സജീവമാകാന് ഇടയില്ലെന്നും അദ്ദേഹം പറയുന്നു.
കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി ഏതാണ്ട് കുറഞ്ഞു വരുന്നതിന്റെ സൂചനകള് ഉണ്ടെങ്കിലും, അതുപോലെ പണപ്പെരുപ്പ നിരക്ക് പ്രതിമാസ ശരാശരി വരുമാന വര്ദ്ധനവിന്റെ നിരക്കിനേക്കാള് കുറവായെങ്കിലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഒട്ടും വര്ദ്ധിച്ചിട്ടില്ല എന്നാണ് വിപണി വിദഗ്ധര് പറയുന്നത്. അതുകൊണ്ടുതന്നെ വീടുകള് വാങ്ങാന് ഉദ്ദേശിക്കുന്നവരുടെ എണ്ണവും കുറവായി തുടരുവാനാണ് സാധ്യത.
















© Copyright 2025. All Rights Reserved