
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് യുകെയിൽ പുതിയ ആഡംബര ഭവനം സ്വന്തമാക്കി. ചെഷെയറിൽ 6.2 മില്യൺ പൗണ്ട് വിലമതിക്കുന്ന പത്ത് കിടപ്പുമുറികളുള്ള ഒരു വലിയ എസ്റ്റേറ്റാണ് താരം പുതുതായി വാങ്ങിയിരിക്കുന്നത്. 2022-ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിന് ശേഷം നഗരമധ്യത്തിലെ ഒരു ഫ്ലാറ്റിലായിരുന്നു ഹാലൻഡ് ഇതുവരെ പ്രധാനമായും താമസിച്ചിരുന്നത്. എന്നാൽ തന്റെ കരിയറിലെ ദീർഘകാല ഭാവി യുകെയിൽ തന്നെയാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് താരം ഇപ്പോൾ ഈ വമ്പൻ നിക്ഷേപം നടത്തിയിരിക്കുന്നത്. ചെഷെയറിലെ 'ഗോൾഡൻ ട്രയാങ്കിൾ' എന്ന് വിളിക്കപ്പെടുന്ന ആഡംബര മേഖലയിലാണ് ഈ പുതിയ നാല് നില വീട് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും സ്വകാര്യത ഉറപ്പാക്കുന്ന ഈ എസ്റ്റേറ്റിൽ വലിയൊരു പ്രൈവറ്റ് തടാകവും മനോഹരമായ പൂന്തോട്ടങ്ങളുമുണ്ട്. ഔട്ട്ഡോർ സ്വിമ്മിംഗ് പൂൾ, കുതിരകളെ പാർപ്പിക്കാനുള്ള ലായം, വലിയൊരു ട്രീഹൗസ് എന്നിവയും ഈ എസ്റ്റേറ്റിന്റെ പ്രധാന ആകർഷണങ്ങളാണ്. സ്പോർട്സ് താരങ്ങൾക്ക് അത്യാവശ്യമായ റിക്കവറി സൗകര്യങ്ങൾക്കും ഈ വീട്ടിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. വലിയൊരു സോണ , ഐസ് ബാത്ത് സൗകര്യം, റെഡ് ലൈറ്റ് തെറാപ്പി ഏരിയ എന്നിവ താരത്തിന്റെ ശാരീരികക്ഷമത നിലനിർത്താൻ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹാലൻഡിന്റെ വലിയ കാർ ശേഖരം സൂക്ഷിക്കുന്നതിനായി നാല് കാറുകൾ ഉൾക്കൊള്ളുന്ന വലിയൊരു ഗാരേജിനും അധികൃതർ ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 10 മില്യൺ പൗണ്ട് വിലമതിക്കുന്ന ബുഗാട്ടി ടൂർബില്യൺ ഉൾപ്പെടെയുള്ള ആഡംബര കാറുകളാണ് ഹാലൻഡിന്റെ വാഹന ശേഖരത്തിലുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലന കേന്ദ്രത്തിലേക്ക് ഇവിടെ നിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സിറ്റിയിലെ തന്റെ സഹതാരമായ ജാക്ക് ഗ്രീലിഷിന്റെ വീട്ടിൽ നിന്ന് വെറും പത്ത് മിനിറ്റ് യാത്രാദൂരം മാത്രമാണ് ഹാലൻഡിന്റെ ഈ പുതിയ വീട്ടിലേക്കുള്ളത്. സ്പെയിനിലെ മാർബെല്ലയിൽ 5.3 മില്യൺ പൗണ്ടിന്റെ വീട് വാങ്ങിയതിന് പിന്നാലെയാണ് യുകെയിലും താരം വമ്പൻ തുക മുടക്കിയിരിക്കുന്നത്. സിറ്റിയുമായുള്ള തന്റെ കരാർ ദീർഘിപ്പിക്കുന്നതിന്റെ സൂചനയായാണ് ഹാലൻഡിന്റെ ഈ പുതിയ വീട് മാറ്റത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
















© Copyright 2025. All Rights Reserved