മുഖത്ത് കാണുന്ന കറുത്ത പാടുകൾ, പ്രത്യേകിച്ച് കവിൾ ഭാഗങ്ങളിലും കണ്ണിന്റെ ഇരുവശങ്ങളിലും രൂപപ്പെടുന്ന നിറവ്യത്യാസങ്ങൾ, പലരെയും അലട്ടുന്ന പ്രശ്നമാണ്. ‘കരിമംഗല്യം’ എന്ന പേരിലും അറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രപരമായ പേര് മെലാസ്മയാണ്. കാലം കഴിയുന്തോറും ഇത് കൂടുതൽ വ്യക്തമാകുകയും ചെറുപ്പക്കാരിൽ പോലും ഇന്ന് കണ്ടുവരുകയും ചെയ്യുന്നു.
ചർമകോശങ്ങളിൽ മെലാനിൻ എന്ന പിഗ്മെന്റ് അധികമായി ഉൽപാദിപ്പിക്കപ്പെടുമ്പോഴാണ് മെലാസ്മ ഉണ്ടാകുന്നത്. ഹോർമോൺ വ്യത്യാസങ്ങൾ, അമിതവണ്ണം, ഇൻസുലിൻ റെസിസ്റ്റൻസ്, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം. ആദ്യം ചെറിയ കറുത്ത പാടുകളായി ആരംഭിക്കുന്ന ഇത് പിന്നീട് വ്യാപകമായി മാറും.
സ്ത്രീകളിൽ പ്രത്യേകിച്ച് ഹോർമോൺ മാറ്റങ്ങൾ വലിയ പങ്ക് വഹിക്കുന്നു. മെനോപോസ് സമയത്ത് ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് മെലാസ്മയ്ക്ക് വഴിവയ്ക്കാം. കൂടാതെ അലർജി, സെൻസിറ്റീവ് ചർമ്മം, ചില രാസവസ്തുക്കളുടെ ഉപയോഗം (ഉദാഹരണത്തിന് ചില ഹെയർ ഡൈകൾ) എന്നിവയും പ്രശ്നം വഷളാക്കും.
മെലാസ്മയ്ക്ക് പുറമേ നിന്നുള്ള ചികിത്സകൾ മാത്രം പോരാ; ഉള്ളിലെ ആരോഗ്യസ്ഥിതി മനസിലാക്കുകയും അതനുസരിച്ച് ചികിത്സ തേടുകയും വേണം. അമിതമായ മാനസിക സമ്മർദ്ദം (സ്‌ട്രെസ്) ഈ പ്രശ്നം വർധിപ്പിക്കും. അതിനാൽ വ്യായാമം, മാനസിക ശാന്തി, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ അനിവാര്യമാണ്.
വൈറ്റമിൻ സി, ഇ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ക്യാപ്‌സിക്കം, ബ്രോക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയും വൈറ്റമിൻ ഇ അടങ്ങിയ നട്സ്, വിത്തുകൾ, ഒമേഗ-3 ഫാറ്റി ആസിഡ് സമൃദ്ധമായ മീനുകൾ (ചാള, ചൂര തുടങ്ങിയവ) എന്നിവയും നല്ലതാണ്. മതിയായ ഉറക്കം ഉറപ്പാക്കുകയും സൺസ്‌ക്രീനും മോയിസ്ചറൈസറും ഉപയോഗിക്കുകയും ചെയ്യാം. പ്രശ്നം രൂക്ഷമാണെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.
















© Copyright 2025. All Rights Reserved