മുട്ടയെ പലപ്പോഴും ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നായി കണക്കാക്കാറുണ്ട്. എന്നാൽ കൊളസ്ട്രോൾ ഉയരുമെന്ന ഭയത്താൽ പലരും മുട്ടയുടെ മഞ്ഞ ഭാഗം ഒഴിവാക്കി വെളള മാത്രം കഴിക്കുന്ന ശീലമാണ് പിന്തുടരുന്നത്. ആരോഗ്യ വിദഗ്ധർ പറയുന്നത്, ഇത് പതിവാക്കിയാൽ ഗുണത്തേക്കാൾ ദോഷം ഉണ്ടാകാമെന്നതാണ്.
മുട്ടയുടെ മഞ്ഞയിൽ ഉള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ നിലയെ ഏറെ ബാധിക്കും എന്നതാണ് പലരുടെയും ധാരണ. എന്നാൽ ആധുനിക പഠനങ്ങൾ പറയുന്നത്, ശരീരത്തിലെ കൊളസ്ട്രോളിന്റെ ഏകദേശം 85 ശതമാനവും കരളാണ് നിർമ്മിക്കുന്നത്, ഭക്ഷണത്തിലൂടെ ലഭിക്കുന്നത് വളരെ കുറവാണെന്നാണ്. അതിനാൽ മുട്ടയുടെ മഞ്ഞയിൽ ഉള്ള കൊളസ്ട്രോൾ നേരിട്ട് രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുമെന്ന ധാരണയ്ക്ക് ശാസ്ത്രീയ തെളിവുകൾ കുറവാണ്.
വാസ്തവത്തിൽ മുട്ടയുടെ മഞ്ഞയിലാണ് നിരവധി പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ A, വിറ്റാമിൻ E, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങൾ ഇതിൽ ധാരാളം ലഭ്യമാണ്. മഞ്ഞ ഒഴിവാക്കുമ്പോൾ മുട്ടയിലെ ഏറ്റവും ഗുണകരമായ ഭാഗം നഷ്ടപ്പെടുകയാണ്.
കൂടാതെ, മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് ശരീരത്തിൽ ബയോട്ടിൻ എന്ന വിറ്റാമിന്റെ ആഗിരണം കുറയ്ക്കാൻ ഇടയാക്കാം. ഇത് ചിലപ്പോൾ പോഷകക്കുറവിന് കാരണമാകാം. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് ശരീരത്തിൽ വീക്കം വർധിപ്പിക്കാനും ഇടയാക്കാം. ഇത് സന്ധിവാതം പോലുള്ള പ്രശ്നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥകൾക്കും വഴിവയ്ക്കാൻ സാധ്യതയുണ്ട്.
മുട്ട തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഗുണമേന്മയും ശ്രദ്ധിക്കണം. കൃത്രിമ തീറ്റ നൽകി ഫാമുകളിൽ വളർത്തുന്ന കോഴികളുടെ മുട്ടകളേക്കാൾ സ്വാഭാവികമായി വളരുന്ന നാടൻ കോഴികളുടെ മുട്ട ആരോഗ്യത്തിന് കൂടുതൽ ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു.
അതുകൊണ്ട് മുട്ട കഴിക്കുമ്പോൾ വെള്ളയും മഞ്ഞയും ചേർന്ന പൂർണ്ണരൂപത്തിൽ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ല രീതിയെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
















© Copyright 2025. All Rights Reserved