യൂറോപ്പിനെ ഇരുളിലാക്കി ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം; സ്പെയിനിലും ഐസ്‌ലൻഡിലും ദൃശ്യമാകും, ഇന്ത്യയിൽ കാണാനാകില്ല

12/08/26
Total solar eclipse visible in Europe

ഇന്ന് ലോകം ഒരു അപൂർവ്വ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആർട്ടിക്, ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്, വടക്കൻ റഷ്യ, സ്പെയിൻ എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ സൂര്യഗ്രഹണം കടന്നുപോകുന്നത്. 1999 ന് ശേഷം യൂറോപ്യൻ വൻകരയിൽ ദൃശ്യമാകുന്ന ആദ്യത്തെ സമ്പൂർണ്ണ സൂര്യഗ്രഹണമാണിത്. ഗ്രഹണ സമയത്ത് രണ്ട് മിനിറ്റും പതിനെട്ട് സെക്കൻഡും വരെ ഭൂമിയിൽ പൂർണ്ണ അന്ധകാരം വ്യാപിക്കും. സ്പെയിനിൽ മാത്രം ഏകദേശം ഒന്നര കോടിയോളം ആളുകൾക്ക് ഈ അപൂർവ്വ പ്രതിഭാസം നേരിട്ട് കാണാൻ സാധിക്കും. വടക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. സ്പെയിനിലെ ലിയോൺ, വലൻസിയ, സരഗോസ തുടങ്ങിയ നഗരങ്ങളിൽ ഗ്രഹണം പൂർണ്ണമായി കാണാൻ കഴിയും. സൂര്യാസ്തമയത്തോട് അനുബന്ധിച്ചാണ് സ്പെയിനിൽ ഗ്രഹണം നടക്കുന്നത് എന്നത് ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ സമയത്ത് സുരക്ഷിതമായി ഗ്രഹണം കാണുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നാസ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഗ്രഹണം നടക്കുന്ന സമയത്ത് രാത്രിയായതിനാൽ ഇന്ത്യയിൽ ഈ പ്രതിഭാസം കാണാൻ സാധിക്കില്ല. സൂര്യഗ്രഹണത്തിന് പുറമെ പെഴ്സ്യൂഡ് ഉൽക്കാവർഷവും ഇന്നത്തെ രാത്രിയെ കൂടുതൽ ആകർഷകമാക്കും. ഇന്ന് കറുത്തവാവ് ആയതിനാൽ ആകാശത്ത് ഉൽക്കാവർഷം വളരെ വ്യക്തമായി കാണാൻ സാധിക്കും. ഇതിനെല്ലാം പുറമെ, വ്യാഴം, ചൊവ്വ, ശനി, ബുധൻ, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ആറ് ഗ്രഹങ്ങൾ ഒരേ നിരയിൽ വരുന്നതും ഇന്നാണ്. അതിനാൽ വാനനിരീക്ഷകരെ സംബന്ധിച്ചിടത്തോളം 2026 ലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഗ്രഹണം കാണാനായി ഇപ്പോൾ യൂറോപ്പിൽ എത്തിയിരിക്കുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu