
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം (ലോബ്) പൂർണമായി നീക്കം ചെയ്തു. തുടർപരിശോധനയിലാണ് ശ്വാസകോശ അഡിനോകാർസിനോമ സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയ സങ്കീർണതകളൊന്നുമില്ലാതെ വിജയകരമായി പൂർത്തിയായെന്നും, ശസ്ത്രക്രിയയ്ക്കു ശേഷം സ്വാഭാവിക നിലയിലേക്ക് മടങ്ങിയെത്തിയ മാർപാപ്പയെ നിരീക്ഷണത്തിനുശേഷം മുറിയിലേക്ക് മാറ്റിയെന്നും വത്തിക്കാൻ വ്യക്തമാക്കി. പതിവ് ആരോഗ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. രോഗബാധ പൂർണമായി നീക്കം ചെയ്യുന്നതിനായാണ് താഴത്തെ ലോബ് മുഴുവനായി നീക്കിയത്.
മാർപാപ്പ ഒരാഴ്ചയോളം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തുന്ന വേളയിൽ പ്രാർഥനകളോടെ മണിക്കൂറുകളോളം കാത്തുനിന്ന വിശ്വാസികളെ അദ്ദേഹം കാറിന്റെ ജനലിലൂടെ ചിരിച്ചുകൊണ്ട് കൈവീശി അഭിവാദ്യം ചെയ്തിരുന്നു. ആശുപത്രി ജീവനക്കാരും അദ്ദേഹത്തിന് പൂർണ പിന്തുണയും ആശ്വാസവും അറിയിച്ചു.
















© Copyright 2025. All Rights Reserved