
കൊളംബോ: ടി20 ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനിൽക്കെ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് പേസർ ജോഷ് ഹേസൽവുഡ് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. സൂപ്പർ താരം പാറ്റ് കമ്മിൻസിന്‍റെ അസാന്നിധ്യത്തിന് പിന്നാലെ ഹേസൽവുഡും പുറത്തായത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.
സൂപ്പർ 8 ഘട്ടത്തോടെ ഹേസൽവുഡ് ടീമിൽ തിരിച്ചെത്തുമെന്നായിരുന്നു ഓസ്‌ട്രേലിയൻ മാനേജ്‌മെന്‍റ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ താരത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹേസൽവുഡ് സൂപ്പർ 8 ഘട്ടത്തിൽ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹം പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തെ കളിപ്പിക്കുന്നത് വലിയ പരിക്ക് ഗുരുതരമാകാന്‍ കാരണമായേക്കുമെന്ന് ഓസ്‌ട്രേലിയൻ സെലക്ടർ ടോണി ഡോഡിമെയ്ഡ് വ്യക്തമാക്കി. ഹേസല്‍വുഡിന്‍റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കില്ലെന്നും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പരിശീലനത്തിനിടെയേറ്റ പുറംവേദനയെത്തുടർന്ന് പാറ്റ് കമ്മിൻസും ടീമിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. 2025-ലെ ആഷസ് പരമ്പര മുതൽ കമ്മിൻസ് പരിക്കിന്‍റെ പിടിയിലാണ്. ടീമിലെ രണ്ട് മുൻനിര പേസർമാരും ഇല്ലാത്തത് ലോകകപ്പ് വേദിയിൽ ഓസ്‌ട്രേലിയയ്ക്ക് വലിയ വെല്ലുവിളിയാകും. ഓസീസ് പേസ് ത്രയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പരിക്കിന്‍റെ ആശങ്കകള്‍ക്കിടയിലും പേസര്‍ നഥാൻ എല്ലിസ്, ടിം ഡേവിഡ്, ആദം സാംപ എന്നിവർ കായികക്ഷമത വീണ്ടെടുത്തത് ഓസീസിന് ആശ്വാസമായി. അടുത്ത ആഴ്ച കൊളംബോയിൽ അയർലൻഡിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ സ്പിന്നർ ആദം സാംപ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















© Copyright 2025. All Rights Reserved