ഇന്ന് ലോകം പൊണ്ണത്തടി ദിനം (World Obesity Day) ആചരിക്കുകയാണ്. ലോകമെമ്പാടും അമിതവണ്ണമുള്ളവരുടെ എണ്ണം വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ വർധിക്കുകയാണ്.
സമീപകാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)യും ഇന്ത്യ ഡയബറ്റിസ് സ്റ്റഡിയും പുറത്തുവിട്ട റിപ്പോർട്ടിൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കൂടാതെ കുടവയറുള്ളവരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ജീവിതശൈലി മാറ്റങ്ങൾ, പരിസ്ഥിതി ഘടകങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് അമിതവണ്ണത്തിന് പിന്നിൽ. എന്നാൽ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർമാർ ദിവസേന പുതിയ ഭക്ഷണ ട്രെൻഡുകളും ഡയറ്റുകളും പരിചയപ്പെടുത്തുന്നുണ്ട്. ഇവ കാണുന്ന പലർക്കും അതു പരീക്ഷിക്കണമെന്ന തോന്നൽ ഉണ്ടാകും. ഫാസ്റ്റ് ഫുഡുകൾ, പുതിയ റെസിപ്പികൾ, വൈറൽ റീലുകൾ എന്നിവ ഭക്ഷണത്തോടുള്ള ആകർഷണം വർധിപ്പിക്കുകയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
വേഗത്തിൽ തടി കുറയ്ക്കാമെന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയയിൽ പലതരം ക്രാഷ് ഡയറ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതിനും ശാസ്ത്രീയമായ അടിസ്ഥാനമില്ല. ഇത്തരം കർശനമായ ഡയറ്റുകൾ പിന്തുടരുന്നവർക്ക് ആദ്യം തടി കുറയുന്നതായി തോന്നാമെങ്കിലും പിന്നീട് ശരീരഭാരം പഴയതിലും കൂടുതലായി തിരിച്ചുവരാൻ സാധ്യതയുണ്ട്.
വിദഗ്ധരുടെ മേൽനോട്ടമില്ലാതെ ഭക്ഷണക്രമങ്ങൾ പിന്തുടരുന്നത് പോഷകക്കുറവ്, അമിതവിശപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വന്നാൽ മെറ്റബോളിസം മന്ദഗതിയിലാകും. തുടർന്ന് സാധാരണ ഭക്ഷണത്തിലേക്ക് മടങ്ങുമ്പോൾ ശരീരം കൂടുതൽ കൊഴുപ്പ് സംഭരിക്കാൻ തുടങ്ങും.
ഇതിനു പുറമെ വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്ന ലെപ്റ്റിൻ, ഗ്രെലിൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനത്തിലും ഇത്തരം നിയന്ത്രിത ഡയറ്റുകൾ ബാധകമാകാം. ഇതോടെ നിരാശ, കുറ്റബോധം, അമിതഭക്ഷണം തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
സോഷ്യൽ മീഡിയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായിരിക്കുമ്പോഴും വിശ്വസനീയമായ ആരോഗ്യവിവരങ്ങൾ അറിയാനും വിദഗ്ധരുമായി ബന്ധപ്പെടാനും ഇത് സഹായകരമാണ്. ശരിയായ മാർഗ്ഗനിർദ്ദേശത്തോടെയും സ്ഥിരതയുള്ള ജീവിതശൈലി മാറ്റങ്ങളോടെയും മാത്രമേ ആരോഗ്യകരമായി തടി കുറയ്ക്കാൻ സാധിക്കൂ.
















© Copyright 2025. All Rights Reserved