
കായിക ലോകം വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. ജപ്പാനിലെ ഐച്ചി-നഗോയയിലാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് അരങ്ങേറുന്നത്. ഇന്ന് വൈകുന്നേരം നഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ഗെയിംസിന് തുടക്കമാകുക. 1958-ൽ ടോക്കിയോയിലും 1994-ൽ ഹിരോഷിമയിലും നടന്ന ഏഷ്യൻ ഗെയിംസുകൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് ജപ്പാൻ ഈ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ പ്രധാന പ്രമേയം 'ഹാർമോണിക് ഹാർട്ട് ബീറ്റ്' എന്നതാണ്. പ്രശസ്ത ജാപ്പനീസ് ചലച്ചിത്രകാരനായ യൂകിഹികോ സുത്സുമിയാണ് ഈ ഉദ്ഘാടന ചടങ്ങിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ ഷൂട്ടർ മനു ഭാകറും ഏഷ്യൻ ഗെയിംസിലെ നിലവിലെ ഷോട്ട്പുട്ട് ചാമ്പ്യനായ തജീന്ദർപാൽ സിംഗ് തൂറുമാണ്. പാരീസ് ഒളിമ്പിക്സിലെ ക്ലോസിങ് സെറിമണിയിലും പതാകയേന്തിയ മനു ഭാകറിന് ഈ അവസരം ലഭിക്കുന്നത് വളരെ അഭിമാനകരമായ ഒരു കാര്യമാണ്. ഷോട്ട്പുട്ടിൽ തുടർച്ചയായ മൂന്നാം സ്വർണ്ണം ലക്ഷ്യമിട്ടാണ് തജീന്ദർപാൽ സിംഗ് തൂർ ഇത്തവണ ജപ്പാനിലെത്തിയിരിക്കുന്നത്. നാൽപ്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ നാൽപ്പത്തിമൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ഞൂറിലധികം കായിക താരങ്ങളടങ്ങുന്ന ഒരു വമ്പൻ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ഐച്ചി-നഗോയയിലേക്ക് അയച്ചിരിക്കുന്നത്. മനു ഭാകറിനെ കൂടാതെ ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ഗുൽവീർ സിംഗ്, തേജസ്വിൻ ശങ്കർ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സംഘത്തിലുണ്ട്. ബാഡ്മിൻ്റണിൽ പി.വി സിന്ധുവും ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളാണ്. അതുപോലെ ക്രിക്കറ്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണയും സ്വർണ്ണം നിലനിർത്താൻ ശ്രമിക്കും. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ നൂറ്റി ഏഴ് മെഡലുകൾ എന്ന ചരിത്ര നേട്ടം ഇത്തവണ മറികടക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് രാജ്യം. ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. കായിക പ്രേമികൾക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയും സോണി ലിവ് ആപ്പിലൂടെയും ഈ ചടങ്ങുകൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.
















© Copyright 2025. All Rights Reserved