തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലവർഷക്കെടുതിയിൽ ഇന്ന് നാല് പേർ കൂടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു. ഒഎറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. നമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നും നിരവധി വീടുകൾ തകർന്നു. ഇന്നലെ രാത്രിയിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു. വൈദ്യുതി പലയിടങ്ങളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളിൽ മരം വീണതിനെ തുടർന്ന് പല ട്രെയിനുകളും ഇപ്പോഴും വൈകിയോടുകയാണ്. ശക്തമായ മഴ അടുത്ത 5 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.
കാസർകോട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കനത്ത മഴയിൽ വ്യാപക നാശമാണ് ഉണ്ടായത്. മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കാസർകോട് മുളിയാർ വില്ലേജിൽ 18 കുടുംബങ്ങളെ മാറ്റി. വെള്ളക്കെട്ടിനെത്തുടർന്ന് കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളിൽ നിന്നും ഡിങ്കി ബോട്ടിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി ദുരിതമുണ്ടായി. കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകൾ തകർന്നു.
© Copyright 2024. All Rights Reserved