
കൊച്ചി: നഗരത്തിലെ പൊതുകുടിവെള്ള ടാപ്പുകളുടെ ഉപയോഗം പരിശോധിച്ച് ചെലവ് കുറയ്ക്കുന്നതിനായി ജിയോ ടാഗിങ് സംവിധാനം നടപ്പാക്കാൻ കൊച്ചി കോർപ്പറേഷൻ ഒരുങ്ങുന്നു. പൊതുടാപ്പുകൾ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരള വാട്ടർ അതോറിറ്റിക്ക് പൊതുടാപ്പുകളുടെ പേരിൽ പ്രതിമാസം ഏകദേശം ഒരു കോടി രൂപയുടെ ബിൽ അടയ്ക്കേണ്ട സാഹചര്യമാണുള്ളത്. നഗരത്തിൽ ആകെ 5,445 പൊതുടാപ്പുകളുണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ കണക്ക്. എന്നാൽ ഇവയിൽ എത്രയെണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യത്തിൽ കോർപ്പറേഷന് വ്യക്തമായ വിവരങ്ങളില്ല. ഏതെല്ലാം സ്ഥലങ്ങളിലാണ് ടാപ്പുകൾ ഉപയോഗത്തിലുള്ളതെന്നും ആരൊക്കെയാണ് അവ ഉപയോഗിക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. പൊതുടാപ്പുകളിലെ വെള്ളം ചില സ്വകാര്യ കടകളും കച്ചവടക്കാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രവർത്തനക്ഷമമായ ടാപ്പുകൾ കണ്ടെത്തി അവയുടെ സ്ഥാനം ഡിജിറ്റലായി രേഖപ്പെടുത്താനാണ് തീരുമാനം. ഉപയോഗത്തിലില്ലാത്ത ടാപ്പുകൾ കണ്ടെത്തിയാൽ അവയുടെ കണക്ഷൻ വിച്ഛേദിക്കുന്നതും പരിഗണിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടത്താൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും മേയർ വി.കെ. മിനിമോൾ അറിയിച്ചിട്ടുണ്ട്. പരിശോധനയോട് സഹകരിക്കാൻ തയ്യാറാണെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. 2025 നവംബറിൽ പൊതുടാപ്പുകളുടെ പഴയ കുടിശ്ശികയിൽ 167 കോടി രൂപ വാട്ടർ അതോറിറ്റി എഴുതിത്തള്ളിയിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപത് മാസത്തെ ബിൽ അടയ്ക്കണമെന്ന് അതോറിറ്റി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ബില്ലിങ് രീതിയിൽ ഓരോ ടാപ്പിനും നിശ്ചിത നിരക്ക് കണക്കാക്കുന്നതിനെക്കുറിച്ചും നഗരസഭയിൽ ചർച്ചയുണ്ട്. പ്രവർത്തനക്ഷമമായ ടാപ്പുകളുടെ എണ്ണം കൃത്യമായി കണ്ടെത്തിയാൽ ജലച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ഇതിലൂടെ വികസന പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമായി കൂടുതൽ തുക കണ്ടെത്താനാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
















© Copyright 2025. All Rights Reserved