
തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ. പടിയനല്ലൂർ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡൻറിൻറെ കൊലപാതകം, നെല്ലൂരിലെ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡൻറിൻറെ കൊലപാതകം എന്നിവയുൾപ്പെടെ 7 കൊലപാതക കേസുകളിൽ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു. പൊലീസ് വളഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ മുത്തു ശരവണൻ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് സ്വയരക്ഷയ്ക്കായി പൊലീസ് വെടിവച്ചു. ശരവണന്റെ കൂട്ടാളി സതീഷിന് നേരെയും പൊലീസ് വെടിയുതിർത്തു. ശരവണൻ സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു. പ്രതികളുടെ ആക്രമണത്തിൽ പൊലീസിനും പരിക്കേറ്റിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മാഗ്നവിഷൻ
















© Copyright 2025. All Rights Reserved