
സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിനും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് ജഡ്ജ് വിലക്കേർപ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെയും നിർമാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ് നടപടി.
എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റേതാണ് ഈ സിനിമയുടെ യഥാർഥ തിരക്കഥയെന്നാണ് വാദം. ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എൽഎസ്ഡി പ്രൊഡക്‌ഷൻസ് മാനേജിങ് ഡയറക്ടർ ആയ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻേപ വിവിയൻ കൈമാറിയിരുന്നു. തുടർന്ന് നായക വേഷം ചെയ്യുന്നതിനായി അഖിൽ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ സ്ക്രിപ്റ്റ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയിൽ ‘പൊറാട്ട് നാടകം’ എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്.
നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത ഈ സിനിമ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളിലേക്ക് കടന്നിരുന്നു. എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും ഗായത്രി വിജയനും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചതിക്കപ്പെട്ടെന്ന് വിവിയനും അഖിലും അറിഞ്ഞത് ചിത്രീകരണം പൂർത്തിയായ സമയത്താണെന്നും അതുകൊണ്ടു മാത്രമാണ് ഇപ്പോഴെങ്കിലും കോടതിയിൽ തെളിവുകൾ ഹാജരാക്കി അനുകൂല വിധി നേടാനായതെന്നും ഇവർക്കു വേണ്ടി ഹാജരായ അഡ്വ. സുകേഷ് റോയിയും അഡ്വ.മീര മേനോനും പറഞ്ഞു.
















© Copyright 2025. All Rights Reserved