ഫാർമസിസ്റ്റില്ലാതെ മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല; മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന നടപടിയുമായി ഫാർമസി കൗൺസിൽ

19/08/26

സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി കേരള ഫാർമസി കൗൺസിൽ. ഷോപ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയങ്ങളിലും രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ സാന്നിധ്യം നിർബന്ധമാക്കാനാണ് തീരുമാനം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും മറ്റ് മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണിത്. ലഹരി മരുന്നുകളുടെ വിൽപ്പന തടയാനായി സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വ്യാപക പരിശോധനകൾ നടക്കുന്നുണ്ട്. ഈ പരിശോധനകളിലാണ് പല മെഡിക്കൽ ഷോപ്പുകളും ഫാർമസിസ്റ്റുകൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ പലയിടത്തും മാനസികരോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ നിർബാധം വിൽക്കപ്പെടുന്നുണ്ട്. ഫാർമസിസ്റ്റുകൾ ഡ്യൂട്ടിയിൽ ഇല്ലാത്ത സമയങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ വിൽപ്പനകൾ കൂടുതലായും നടക്കുന്നതെന്ന് കൗൺസിൽ കണ്ടെത്തി. ഈ ഗുരുതരമായ വിഷയം കൗൺസിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എട്ട് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കണമെന്നാണ് കൗൺസിലിന്റെ പുതിയ നിർദ്ദേശം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1.10 ലക്ഷം ഫാർമസിസ്റ്റുകൾ ഉണ്ടെന്നും അവരിൽ അര ലക്ഷത്തോളം പേർ സേവനത്തിന് തയ്യാറാണെന്നും കൗൺസിൽ പ്രസിഡന്റ് ഒ.സി നവീൻചന്ദ് പറഞ്ഞു. അതിനാൽ ഫാർമസിസ്റ്റുകളുടെ ക്ഷാമം എന്ന വാദം മെഡിക്കൽ ഷോപ്പുടമകൾക്ക് ഇനി ഉന്നയിക്കാൻ കഴിയില്ല. ഫാർമസിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് മരുന്നുകളുടെ അമിത ഉപയോഗം കുറയ്ക്കാനും ആന്റിബയോട്ടിക്കുകളുടെ കൃത്യമായ വിതരണം ഉറപ്പാക്കാനും സഹായിക്കും. നിയമലംഘനം നടത്തുന്ന മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കാനുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കും. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ മിന്നൽ പരിശോധനകൾ ഉണ്ടാകും. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വെല്ലുവിളിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹവും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu