യുക്മ ദേശീയ കലാമേള നഗർ ലോഗോ മത്സര വിജയികൾ

22/10/26
YUKMA National Kalamela 2026 logo competition winner Fernandes Varghese and Salim Kumar Nagar announcement

പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്‌കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്.

പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കായി നടത്തിയ ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളിൽ നിരവധിയാളുകൾ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച പ്രശസ്ത മലയാളി നടൻ സലിംകുമാറിൻ്റെ സ്‌മരണയ്ക്കായി 'സലിംകുമാർ നഗർ' എന്ന് നാമനിർദ്ദേശം ചെയ്യുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.

സ്‌കൂൾ, കോളേജ് യുവജനോത്സവങ്ങളിലൂടെ കലാജീവിതം തുടങ്ങിയ സലിംകുമാർ, മിമിക്രി ട്രൂപ്പുകളിലൂടെയും ടി വി ഷോകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടി. 1996 മുതൽ മലയാള സിനിമയിൽ കോമഡി റോളുകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ സലിംകുമാർ പെരുമഴക്കാലം, അഛനുറങ്ങാത്ത വീട് എന്നീ ചിത്രങ്ങളിലൂടെ തൻ്റെ അഭിനയമികവ് പുറത്തെടുത്തു. ആദാമിൻ്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ സലിംകുമാർ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും തൻ്റേതായ ഇടം മലയാള സിനിമയിൽ നേടിയെടുത്തു. മികച്ച തിരക്കഥാകൃത്ത്, മികച്ച സഹനടൻ എന്നിവ ഉൾപ്പടെയുള്ള നിരവധി കേരള സംസ്ഥാന അവാർഡുകളും മറ്റ് നിരവധി ടെലിവിഷൻ അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സലിംകുമാർ തൻ്റെ ജീവിതാനുഭവങ്ങളും ഓർമ്മകളും കോർത്തിണക്കി എഴുതിയ പുസ്‌തകം 'ഈശ്വരാ വഴക്കില്ലല്ലോ' ഒരു മികച്ച വായനാനുഭവമാണ് മലയാളികൾക്ക് സമ്മാനിച്ചത്.

ദേശീയ കലാമേള 2026 ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളിൽ നിരവധിയാളുകൾ വളരെ ആവേശപൂർവ്വം പങ്കെടുത്തു. ലോഗോ മത്സരത്തിൽ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ഫെർണാണ്ടസ് വർഗീസ് വിജയിയായപ്പോൾ നഗർ നാമനിർദ്ദേശക മത്സരത്തിൽ കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ വിജയിയായി. തുടർച്ചയായ മൂന്നാം വർഷമാണ് കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള അംഗങ്ങൾ ലോഗോ മത്സരത്തിൽ വിജയികളാകുന്നത്.

നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ആകർഷകങ്ങളായ നിരവധി ലോഗോകളിൽ നിന്നാണ് യുക്‌മ ദേശീയ സമിതി വിജയിയെ തിരഞ്ഞെടുത്തത്. ഒരു ചിത്രകാരൻ എന്ന നിലയിൽ യുകെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തനായ ഫെർണാണ്ടസ് താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങൾ യുകെയിലെ വിവിധ നഗരങ്ങളിൽ നടത്തിയിട്ടുണ്ട്. നഗർ നാമനിർദ്ദേശക മത്സരത്തിൽ അന്തരിച്ച പ്രതിഭകളായ എസ്സ്. ജാനകി, ശ്രീനിവാസൻ, സൂര്യ കൃഷ്‌ണമൂർത്തി ഉൾപ്പടെ നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും സലിംകുമാറിൻ്റെ പേരാണ് കൂടുതലാളുകൾ നിർദ്ദേശിച്ചത്. സലിംകുമാറിൻ്റെ പേര് നിർദ്ദേശിച്ചവരിൽ നിന്നും നറുക്കെടുത്താണ് ലിൻസിയ ജിനോയെ വിജയിയായി പ്രഖ്യാപിച്ചത്. കവൻട്രി & വാർവിക്ഷയർ എൻ.എച്ച്.എസ്സ് ട്രസ്റ്റിൽ കമ്മ്യൂണിറ്റി നഴ്‌സ് ടീം ലീഡാണ് ലിൻസിയ.

പതിനേഴാമത് ദേശീയ കലാമേള ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നഗർ നാമനിർദ്ദേശക മത്സര വിജയിയായ ലിൻസിയ ജിനോയ്ക്ക് പ്രശസ്തി ഫലകവും നവംബർ 07ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.

ഒക്‌ടോബർ 03, 10, 17 തീയതികളിലായി നടത്തപ്പെട്ട റീജിയണൽ കലാമേളകളിൽ നിന്ന് വിജയികളായ നൂറ് കണക്കിന് കലാകാരന്മാരും കലാകാരികളുമാണ് യുക്മ ദേശീയ കലാമേള 2026 ൽ പങ്കെടുക്കുവാൻ നവംബർ 07 ന് ചെൽറ്റൻഹാമിൽ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്. പതിനേഴാമത് യുക്മ ദേശീയ കലാമേള ഒരു ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ.

യുക്മ സൌത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന പതിനേഴാമത് ദേശീയ കലാമേള ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് ഇക്കുറിയും നടക്കുന്നത്. കുതിരയോട്ട മത്സരങ്ങൾക്കും ഫെസ്റ്റിവലുകൾക്കും പ്രസിദ്ധമായ ചെൽറ്റൻഹാം തുടർച്ചയായ അഞ്ചാം വർഷമാണ് യുക്‌മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ദേശീയ കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ (വൈസ് പ്രസിഡൻ്റ്), സ്മിത തോട്ടം (വൈസ് പ്രസിഡൻ്റ്), സണ്ണിമോൻ മത്തായി (ജോയിൻ്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിൻ്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിൻ്റ് ട്രഷറർ), സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് സുനിൽ ജോർജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ് എന്നിവർ അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu