
താൻ പറയാത്ത കാര്യം പ്രചരിപ്പിച്ച് തൻറെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ പറഞ്ഞതെന്ന പേരിൽ പ്രചരിപ്പിക്കുന്ന കാർഡുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ചാറ്റ് ഷെയർ ചെയ്താണ് നടൻ ഈ കാര്യം സോഷ്യൽ മീഡിയയിൽ വിശദീകരിക്കുന്നത്.
'ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തിൽ ശ്രീറാം വിളിക്കാത്തവരും എൻറെ സിനിമ കാണണ്ട.!' എന്ന രീതിയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു എന്ന കാർഡ് ഷെയർ ചെയ്ത് ഒരു വ്യക്തി ഇതുപോലെ ചിലത് വൈറലാകുന്നുണ്ടെന്ന് പറയുന്നു. അത് സാരമില്ല, വിവരമുള്ളവർക്ക് അത് മനസിലാകും. അതിന് അനുസരിച്ച് അവർ പ്രതികരിക്കും എന്നാണ് ഉണ്ണി മറുപടി നൽകുന്നത് - ഇതാണ് പോസ്റ്റിനൊപ്പം ഷെയർ ചെയ്ത വാട്ട്സ്ആപ്പ് ചാറ്റിൽ ഉള്ളത്. "റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ തകർക്കാൻ നിങ്ങൾ എത്രത്തോളം താഴുകയാണ്. ഒരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന യാദൃശ്ചികമായ ഈ കാര്യം ജനുവരി 1 മുതൽ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി പ്രചരിക്കുന്നത്. അത് ആരു ചെയ്താലും എന്നെ വിശ്വസിക്കൂ, ഞാനോ എൻറെ സിനിമയോ പരാജയപ്പെടുമെന്നത് നിങ്ങളുടെ സ്വപ്നമാണ്.എനിക്ക് മെസ്സേജ് അയച്ച മാന്യനോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ അറിയുന്നവർ വിവേകത്തോടെ പെരുമാറും. സിനിമയുമായി കാണാം. ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള ഐ തിയേറ്ററുകളിൽ ജയ് ഗണേഷ് എത്തും. യുഎംഎഫ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമായിരിക്കും ജയ് ഗണേഷ് " - എന്നാണ് പോസ്റ്റിനൊപ്പം ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്.ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസ് ആയി ഏപ്രിൽ 11 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അടുത്തിടെ ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ തൻറെ അഭിപ്രായം എഴുതിയിരുന്നു."ജയ് ഗണേഷ് ഇപ്പോൾ കണ്ട് തീർത്തതേയുള്ളൂ. വിനയം മാറ്റിനിർത്തിയാൽ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടൻ എന്ന നിലയിൽ ഞാൻ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രിൽ 11 ന് സ്ക്രീനുകളിൽ രോമാഞ്ചം ഉറപ്പാണ്", എന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു
















© Copyright 2025. All Rights Reserved