ലയണൽ മെസ്സി ഫുട്‍ബോളിൽ സമ്പൂർണനായത് ലോക കിരീടം തന്റെ റാക്കിലെത്തിച്ചപ്പോഴാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരങ്ങളിൽ ഒരാളായ മെസ്സി എട്ടാം തവണയും ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കിയപ്പോൾ ആരാധകർക്ക് അതൊരു പുതുമയായിരുന്നില്ല. അഞ്ച് തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്‌റ്റ്യാനോയിൽ വളരെ അകലേക്ക് മെസ്സി നടന്നു നീങ്ങി കഴിഞ്ഞു.
കഴിഞ്ഞ ലോകകപ്പ് ഫുട്‍ബോളിലെ മെസ്സിയുടെ മികവ് ബാലൺ ഡി ഓർ പുരസ്‌കാര നിർണയ സമിതിക്ക് കണ്ടില്ലെന്ന് നടക്കാനാവില്ലായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന, അവരെ മുന്നിൽ നിന്ന് നയിക്കുന്ന ഇതിഹാസ തുല്യനായ ആ കൊച്ചു മനുഷ്യനെ ഇത്തരം ബഹുമതികൾ കൊണ്ടൊന്നും അളക്കാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞതാണ് ഫുട്‍ബോൾ ലോകം.
എങ്കിലും ഒരിക്കൽ കൂടി മെസ്സി ബാലൺ ഡി ഓറിൽ മുത്തമിടുന്നത് കാണാൻ ലോകം പാരീസിലേക്ക് കണ്ണുംനട്ടിരുന്നു. മുപ്പത്തിയാറ് പിന്നിട്ട അയാൾക്കൊപ്പം ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത് മുഴുവൻ യുവ രക്തങ്ങളായിരുന്നു. അതിൽ തന്നെ ഒരുപടി മുകളിൽ നിലയുറപ്പിച്ച എർലിംഗ് ഹാളണ്ട് മെസ്സിയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും വോട്ടെടുപ്പിൽ താരം രണ്ടാമതാണ് എത്തിയത്.
2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മുൻപ് ലയണൽ മെസ്സി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ബാലൺ ഡി ഓറിൽ ഇനിയൊരു അങ്കത്തിന് മെസ്സിക്ക് ബാല്യമുണ്ടെന്ന് തോന്നുന്നില്ലെങ്കിലും രണ്ട് പതിറ്റാണ്ടിനിടയിൽ അദ്ദേഹത്തിന്റെ പേരില്ലാത്ത നാമനിർദ്ദേശ പട്ടിക വിരളമായിരുന്നു.
ബാലൺ ഡി ഓർ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും മെസ്സി ഇതിനിടയിൽ സ്വന്തമാക്കി. ക്ലബ് ഫുട്‍ബോളിൽ പിഎസ്‌ജി വിട്ട മെസ്സി നിലവിൽ മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയിലാണ് പന്ത് തട്ടുന്നത്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഇപ്പോഴും താരം സജ്ജമായി രംഗത്തിറങ്ങുന്നു.
© Copyright 2023. All Rights Reserved