ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് CR7 കുതിച്ചപ്പോൾ ലോകം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഏഴാം നമ്പറിന് ഒരേയൊരു അവകാശി മാത്രമേയുള്ളൂ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി.
ഏഴാം നമ്പർ ജേഴ്സിയണിഞ്ഞ് ധോണി ഇന്ത്യയെ നയിച്ചത് അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി. ഇന്ത്യൻ ടീമിനും ക്രിക്കറ്റിനും മഹിയുടെ സംഭാവനകൾ മറക്കാനാവില്ല. ഇനി ഇതുപോലൊരു നായകനെ ടീമിന് ലഭിക്കില്ല എന്ന് തന്നെ പറയാം. അതാണ് ധോണിയുടെ മഹത്വം. ധോണിയും അദ്ദേഹം ധരിച്ച ഏഴാം നമ്പർ ജേഴ്സിയും ഇന്ത്യക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. ഇപ്പോഴിതാ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പർ ജേഴ്സി ഇനി മറ്റാർക്കും ഉപയോഗിക്കാനാകില്ല. കരിയറിൽ ധോണി ധരിച്ച ഏഴാം നമ്പർ ജേഴ്സി ബിസിസിഐ പിൻവലിച്ചു. ധോണിക്ക് നൽകുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പർ ജേഴ്സിയുടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിനു മുൻപ് ഇത്തരത്തിൽ ഒരു ജേഴ്സിയുടെ വിരമിക്കൽ പ്രഖ്യാപിച്ചത് സച്ചിൻ ടെൻഡുൽക്കറുടെ പത്താം നമ്പർ ജേഴ്സിയാണ്. ഇനി മുതൽ 7, 10 നമ്പറുകൾ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10-ാം നമ്പർ ജേഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ 10-ാം നമ്പർ ജേഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒരു കളിക്കാരൻ ഒരു വർഷത്തേക്ക് ടീമിന് പുറത്താണെങ്കിൽ പോലും അവന്റെ നമ്പർ മറ്റാർക്കും നൽകില്ല. അരങ്ങേറ്റക്കാർക്ക് തിരഞ്ഞെടുക്കാൻ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
© Copyright 2023. All Rights Reserved