
ബ്രിട്ടനിൽ ആഞ്ഞടിച്ച ബൊലോ കൊടുങ്കാറ്റിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും തുടരുന്നു. കൊടുങ്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളിൽ രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. തെക്കുപടിഞ്ഞാറൻ സ്കോട്ട്ലൻഡിലും ലണ്ടനിലുമാണ് മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് രണ്ടുപേർ മരിച്ചത്. മരിച്ചവരിൽ ഒരാൾക്ക് അറുപത് വയസ്സും മറ്റൊരാൾക്ക് ഇരുപതുകളിലുമാണ് പ്രായമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശക്തമായ കാറ്റ് രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളെയാണ് കൂടുതൽ ബാധിച്ചത്. സ്കോട്ട്ലൻഡിലെ ആർഗൈൽ ആൻഡ് ബ്യൂട്ടിൽ മണിക്കൂറിൽ 84 മൈൽ വേഗതയിലും ടയറീ ദ്വീപിൽ 82 മൈൽ വേഗതയിലും കാറ്റ് വീശി. മണിക്കൂറിൽ 60 മുതൽ 70 മൈൽ വരെയുള്ള കാറ്റ് പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടനിലുടനീളം 1,61,000-ത്തിലധികം വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതിബന്ധം തകരാറിലായത് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാൻ വിതരണക്കമ്പനികളുടെ ജീവനക്കാർ പ്രവർത്തനം തുടരുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും റോഡുകളിലും റെയിൽവേ പാതകളിലും തടസ്സങ്ങൾ സൃഷ്ടിച്ചു. സ്കോട്ട്ലൻഡിലെ ട്രെയിൻ സർവീസുകൾക്കും വിമാന സർവീസുകൾക്കും തടസ്സമുണ്ടായി. ലീഡ്സ് ബ്രാഡ്ഫോർഡ് വിമാനത്താവളത്തിൽ ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. എഡിൻബറോ കാസിൽ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടേണ്ടിവന്നു. ലണ്ടനിലെ ദീപാവലി ആഘോഷപരിപാടികളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പിന്റെയും പ്രാദേശിക അധികൃതരുടെയും നിർദേശങ്ങൾ പാലിക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ഗതാഗത തടസ്സങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്കുമുമ്പ് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
















© Copyright 2025. All Rights Reserved