
വാഷിങ്ടൻ യുഎസ് തലസ്‌ഥാനമായ വാഷിങ്ടൻ ഡിസിയിൽ പൊലീസ് വകുപ്പിനെ നേരിട്ട് ഫെഡറൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി ഡോണൾഡ് ട്രംപ്. 'ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഹോം റൂൾ ആക്‌ട്' നടപ്പിലാക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ക്രമസമാധാനം, പൊതു സുരക്ഷ എന്നിവ കണക്കിലെടുത്താണ് വാഷിങ്‌ടൻ ഡിസിയിൽ പൊലീസിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്നും പകരം നാഷനൽ ഗാർഡ് സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.
തലസ്ഥാനനഗരം കുറ്റവാളികളെ കൊണ്ടും അക്രമിസംഘങ്ങളെ കൊണ്ടും നിറഞ്ഞിരിക്കുകയാണമെന്നും അതിനാലാണ് ഇത്തരത്തിലുള്ള ഒരു നടപടിയെടുത്തതെന്നും വൈറ്റ് ഹൗസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് സേനയെ ഫെഡറൽ സർക്കാർ ഏറ്റെടുക്കുന്ന നടപടിക്ക് അറ്റോണി ജനറൽ പാം ബോണ്ടി മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാഷിങ്‌ടൻ ഡിസിയിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് പുതിയ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം തെരുവുകളിൽ പട്രോളിങ് നടത്താൻ നാഷനൽ ഗാർഡിനെ ഉപയോഗിക്കുന്നതിനെക്കുറിച്ച് മേയർ ആശങ്ക പ്രകടിപ്പിച്ചു. എഫ്ബിഐ, ഐസിഇ, ഡിഇഎ, എടിഎഫ് എന്നിവയുൾപ്പെടെ ഒരു ഡസനിലധികം ഫെഡറൽ ഏജൻസികളിൽ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗസ്‌ഥരെയും ഏജന്റുമാരെയും സമീപ ദിവസങ്ങളിൽ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'രാജ്യത്തിൻ്റെ തലസ്‌ഥാനം ഇന്ന് സ്വതന്ത്രമാക്കപ്പെടും' എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഇതേക്കുറിച്ച് എഴുതിയത്. നിയമവിരുദ്ധമായി അതിർത്തി കടന്നുള്ള കുടിയേറ്റം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വാഷിങ്ടനിലെ പൊതു സുരക്ഷ നാഷനൽ ഗാർഡിന് കൈമാറുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.
















© Copyright 2025. All Rights Reserved