പൗരത്വ നിയമ ഭേദഗതി; എട്ട് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും 2024-ലെ ഉത്തരവിൽ നിന്നും ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

24/08/26
Citizenship Amendment Act CAA rules

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. 2024 മാർച്ചിൽ പുറത്തിറക്കിയ സി.എ.എ ചട്ടങ്ങളിൽ നിന്നും രാജ്യത്തെ എട്ട് പ്രദേശങ്ങളെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒഴിവാക്കി. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളെയാണ് ഈ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇതിന് പുറമെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പുതിയ ഇളവുകൾ ബാധകമായിരിക്കും. ആഗസ്റ്റ് പത്തൊൻപതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ പുതിയ വിവരങ്ങളുള്ളത്. പൗരത്വ നിയമത്തിലെ സെക്ഷൻ സിക്സ് ബി , പൗരത്വ ചട്ടങ്ങളിലെ റൂൾ 11 എ എന്നിവ പ്രകാരമാണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അസമിലെയും ത്രിപുരയിലെയും ഗോത്രവർഗ്ഗ മേഖലകളെ നേരത്തെ തന്നെ ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ ഇതുവരെ ലഭിച്ച പൗരത്വ അപേക്ഷകളുടെ നടപടിക്രമങ്ങളിലും മാറ്റം വരും. എംപവേർഡ് കമ്മിറ്റികൾക്കും ജില്ലാതല കമ്മിറ്റികൾക്കും മുന്നിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഇനി മുതൽ അതാത് ജില്ലാ കളക്ടർമാർക്ക് നേരിട്ട് കൈമാറും. ഇതിലൂടെ അപേക്ഷകളുടെ പരിശോധനയും തുടർനടപടികളും കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനാണ് സി.എ.എ നടപ്പിലാക്കിയത്. 2019-ൽ പാർലമെന്റ് പാസാക്കിയ ഈ നിയമത്തിന്റെ ചട്ടങ്ങൾ 2024 മാർച്ചിലാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. അപേക്ഷകൾ കളക്ടർമാർക്ക് കൈമാറുന്നതോടെ പ്രാദേശിക തലത്തിലുള്ള പരിശോധനകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് സർക്കാർ കരുതുന്നു. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമായി ഇറക്കിയ മറ്റ് രണ്ട് ഉത്തരവുകളും പുതിയ വിജ്ഞാപനത്തോടെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. എങ്കിലും റദ്ദാക്കപ്പെടുന്നതിന് മുൻപ് സ്വീകരിച്ച നടപടികളെ ഈ പുതിയ ഉത്തരവ് യാതൊരു തരത്തിലും ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu