യുദ്ധം അവസാനിച്ചാൽ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ അധീനപ്രദേശമാക്കുമെന്ന് ട്രംപ്; ശക്തമായി തിരിച്ചടിച്ച് ഇറാൻ

15/08/26

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ സ്വന്തം അധീനപ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ നടന്ന ഒരു രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വളരെ മോശമായ രീതിയിൽ ഇറാൻ യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് അദ്ദേഹം വീണ്ടും ജനങ്ങളെ ഓർമ്മിപ്പിച്ചു. തങ്ങൾ അനുവദിക്കാത്ത ഒരു കപ്പൽ പോലും ഈ കടലിടുക്കിലൂടെ കടന്നുപോകില്ലെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. അതേസമയം ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെ ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി അതിശക്തമായി പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് കാലാകാലങ്ങളായി ഇറാന്റെതാണെന്നും അത് എന്നും ഇറാന്റേതായി തന്നെ തുടരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. പരാജയം എന്ന യാഥാർത്ഥ്യം അമേരിക്ക ഉൾക്കൊള്ളണമെന്നും വ്യാമോഹങ്ങളിൽ നിന്ന് അവർ പുറത്തുവരണമെന്നും ഇറാൻ പ്രതിനിധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം കൊണ്ടോ ഒരു വിമാനവാഹിനിക്കപ്പൽ കൊണ്ടോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ തോതിൽ കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് തൊണ്ണൂറ് ഡോളറിനടുത്ത് എത്തിയിരിക്കുകയാണ്. അമേരിക്കയിൽ പെട്രോൾ വില ഗാലന് നാല് ഡോളറിലധികം വർദ്ധിച്ചതും ജനങ്ങൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ദുഷ്ടരായ ഒരു രാജ്യം ആണവായുധം സ്വന്തമാക്കാതിരിക്കാൻ ജനങ്ങൾ ഇന്ധനവിലയിൽ അല്പം ബുദ്ധിമുട്ട് സഹിക്കണമെന്ന് ട്രംപ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ യുദ്ധവും പുതിയ പ്രസ്താവനകളും വരും ദിവസങ്ങളിൽ ഗൾഫ് മേഖലയെ വീണ്ടും വലിയ സംഘർഷങ്ങളിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu