ലെബനൻ-ഇസ്രായേൽ സമാധാന കരാർ തള്ളി ഹിസ്ബുള്ള; ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

29/06/26

ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച ഇസ്രായേൽ-ലെബനൻ സമാധാന കരാറിന് കനത്ത തിരിച്ചടി നൽകി ഹിസ്ബുള്ള. പുതിയ സമാധാന ചട്ടക്കൂട് നിലവിലുണ്ടായിട്ടും തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി. സ്വന്തം മാതൃരാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ഹിസ്ബുള്ള ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വെടിനിർത്തൽ കരാർ ഇസ്രായേൽ നഗ്നമായി ലംഘിക്കുകയാണെന്നും ഈ ലംഘനങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ കുറ്റപ്പെടുത്തി. ലെബനനിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനായി അമേരിക്ക, ഇസ്രായേൽ, ലെബനൻ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരുന്നത്. എന്നാൽ ഈ ത്രിരാഷ്ട്ര കരാർ ലെബനൻ പാർലമെന്റ് പാസാക്കില്ലെന്ന് പാർലമെന്റ് സ്പീക്കറും ഹിസ്ബുള്ളയുടെ സഖ്യകക്ഷിയുമായ നബീഹ് ബെറി പ്രഖ്യാപിച്ചു. ലെബനന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ കരാറിന് കഴിയില്ലെന്നാണ് നബീഹ് ബെറി വ്യക്തമാക്കുന്നത്. ഇതൊരു സമാധാന കരാറല്ലെന്നും മറിച്ച് ലെബനനുമേൽ അടിച്ചേൽപ്പിക്കുന്ന ചില നിബന്ധനകൾ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ രൂപത്തിൽ ഈ കരാർ ഒരിക്കലും നടപ്പിലാക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് അമാൽ മൂവ്മെന്റ് നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യം പിന്മാറണമെങ്കിൽ ഹിസ്ബുള്ള പൂർണ്ണമായും ആയുധം വെച്ച് കീഴടങ്ങണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാൻ ഹിസ്ബുള്ളയോ അവരുടെ സഖ്യകക്ഷികളോ ഒരു കാരണവശാലും തയ്യാറല്ല. അതിനിടെ ഇസ്രായേലും ലെബനനും തമ്മിൽ പുതിയ വെടിനിർത്തൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിന് ശേഷം തെക്കൻ ലെബനനിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ഡേവിഡ് ഹസൂത്ത് എന്ന 21 വയസ്സുകാരനായ പ്ലാറ്റൂൺ കമാൻഡറാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഈ സംഭവത്തോടെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും സൈനിക വിന്യാസം വർദ്ധിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയും അവിശ്വാസവും തുടരുന്നത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്. വരും ദിവസങ്ങളിൽ അമേരിക്കൻ പ്രതിനിധികൾ ലെബനനിലെത്തി വീണ്ടും സമവായ ചർച്ചകൾ നടത്തുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu