ആര്‍സിബിക്ക് തിരിച്ചടി, ഫില്‍ സാള്‍ട്ടിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പരിശോധനകള്‍ക്കായി താരം നാട്ടിലേക്ക് മടങ്ങി

04/05/26

ബെംഗളൂരു: ഐപിഎല്‍ 2026ല്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങി. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന സാള്‍ട്ട്, വിദഗ്ധ പരിശോധനകള്‍ക്കായാണ് യു കെയിലേക്ക് പറന്നത്. സീസണ്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവെ സാള്‍ട്ടിന്റെ അസാന്നിധ്യം ടീമിന് വലിയ ആശങ്കയാണ് നല്‍കുന്നത്. ഈ സീസണില്‍ ആര്‍സിബിക്കായി മികച്ച തുടക്കം നല്‍കിയിരുന്ന താരങ്ങളില്‍ ഒരാളാണ് സാള്‍ട്ട്.

ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 168.33 സ്‌ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് താരം നേടിയിട്ടുണ്ട്. സാള്‍ട്ടിന് പകരം ജേക്കബ് ബെഥേലിനെ വിരാട് കോലിക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചെങ്കിലും, സാള്‍ട്ട് നല്‍കിയിരുന്ന ആ ഒരു ആത്മവിശ്വാസം നിലനിര്‍ത്താന്‍ ടീമിനായിട്ടില്ല. ഏപ്രില്‍ 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സാള്‍ട്ടിന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ ഡൈവ് ചെയ്ത് പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകൈയിലെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു.

പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ടീം മാനേജ്മെന്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ലണ്ടനിലേക്ക് പരിശോധനയ്ക്ക് അയക്കാനുള്ള തീരുമാനം പരിക്ക് സാരമുള്ളതായതുകൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാള്‍ട്ടിന്റെ ഐപിഎല്‍ സീസണ്‍ അവസാനിച്ചു എന്ന് ഇപ്പോള്‍ പറയാനാകില്ല. പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ. എങ്കിലും, ഈ മാസം അവസാനത്തോടെ താരം ഇന്ത്യയില്‍ തിരിച്ചെത്തി ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതിന് ശേഷമുള്ള ചെറിയ ഇടവേളയിലാണ് ആര്‍സിബി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. സാള്‍ട്ട് മടങ്ങിയെത്തുന്നത് വരെ ജേക്കബ് ബെഥേല്‍ തന്നെ ഓപ്പണറായി തുടരാനാണ് സാധ്യത. ജോര്‍ദാന്‍ കോക്‌സിനെയും ബാക്കപ്പ് ഓപ്പണറായി ടീം പരിഗണിക്കുന്നുണ്ട്. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ സാള്‍ട്ടിന്റെ മടങ്ങിവരവ് ആര്‍.സി.ബിക്ക് അത്യന്താപേക്ഷിതമാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu