
വാഷിങ്ടൻ . റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കെതിരെയും കൂടുതൽ തീരുവ ചുമത്താൻ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുക്രെയ്നിൽ സമാധാന കരാർ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിൻ്റെ നീക്കം. വെള്ളിയാഴ്ച്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് മുന്നോട്ട് വച്ച നിർദേശം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജി-7 രാജ്യങ്ങൾക്ക് മുന്നിലും ഇതേ നിർദേശം വച്ചിരിക്കുന്നത്.
യുഎസിന് പുറമെ യുകെ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ജി-7ൽ ഉള്ളത്. "റഷ്യൻ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുട്ടിൻ്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുകയാണ്. യുക്രെയ്ൻ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഈ ആഴ്ച ആദ്യം, ഞങ്ങൾ യൂറോപ്യൻ യൂണിയനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവർ ഞങ്ങളോടൊപ്പം ചേരും. യുദ്ധം അവസാനിക്കുന്ന ദിവസം വരുന്നത് വരെ ഉയർന്ന തീരുവകൾ ഈ രാജ്യങ്ങൾക്കെതിരെ ചുമത്തണം. ജി-7 രാജ്യങ്ങളും ഞങ്ങളോടൊപ്പം മുന്നേറേണ്ടതുണ്ട്" യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.
















© Copyright 2025. All Rights Reserved