ഇന്ന് ദേശീയ കൈത്തറി ദിനം; പ്രാദേശിക നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കാൻ 'GRWM' ട്രെൻഡ് പിന്തുടരാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

07/08/26

രാജ്യം ഇന്ന് പന്ത്രണ്ടാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പരമ്പരാഗത നെയ്ത്തുകാരെയും കരകൗശല വിദഗ്ദ്ധരെയും പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. യുവാക്കൾക്കിടയിൽ ജനപ്രിയമായ 'ഗെറ്റ് റെഡി വിത്ത് മി'  എന്ന സോഷ്യൽ മീഡിയ ട്രെൻഡ് ഇതിനായി ഉപയോഗപ്പെടുത്താനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ഇന്ത്യൻ കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള വീഡിയോകൾ ഹാഷ്‌ടാഗുകളോടെ പങ്കുവെക്കാൻ അദ്ദേഹം എക്സിലൂടെ  ആവശ്യപ്പെട്ടു. പ്രാദേശിക വസ്ത്രങ്ങളുടെ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഈ ഡിജിറ്റൽ ക്യാമ്പയിൻ സഹായിക്കും. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ചാണ് ഔദ്യോഗിക പരിപാടികൾ നടക്കുന്നത്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ നെയ്ത്തുകാർ വഹിക്കുന്ന പങ്ക് ചടങ്ങിൽ അനുസ്മരിക്കും. ഈ അവസരത്തിൽ രാജ്യത്തെ മികച്ച നെയ്ത്തുകാർക്കായി 22 പുരസ്കാരങ്ങൾ വിതരണം ചെയ്യും. മൂന്ന് സന്ത് കബീർ കൈത്തറി അവാർഡുകളും 19 ദേശീയ കൈത്തറി അവാർഡുകളുമാണ് നൽകുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന നാല് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്യും. മധ്യ ഇന്ത്യയിലെ കൈത്തറി വസ്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്യുന്നുണ്ട്. നിലവിൽ 35 ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ത്യയിൽ കൈത്തറി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം പേർ സ്ത്രീകളാണെന്നത് ഈ മേഖലയുടെ പ്രത്യേകതയാണ്. ആഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ 2015 മുതലാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu