
വാഷിങ്ടൻ . നൊബേൽ സമ്മാനം പ്രഖ്യാപിക്കാൻ ഒരുമാസം മാത്രം ശേഷിക്കേ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മോഹം നടക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. നൊബേൽ സമ്മാനം നിർണയിക്കുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റി ട്രംപിനെ പരിഗണിക്കുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. രണ്ടാം തവണയും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ട്രംപിന് സമാധാന നൊബേൽ ആഗ്രഹം കലശലായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ആറോളം യുദ്ധങ്ങൾ ട്രംപിൻ്റെ ഇടപെടലിലുടെ ഇല്ലാതായി എന്നതാണ് നൊബേലിന് അമേരിക്കൻ പ്രസിഡൻറിനെ ഉയർത്തിക്കാട്ടുന്നവരുടെ പ്രധാന വാദം. ട്രംപും ഒളിഞ്ഞും തെളിഞ്ഞും ഈ വാദം ഉന്നയിക്കാറുണ്ട്. അതേസമയം ഇന്ത്യ-പാക്കിസ്ഥഥാൻ സംഘർഷവും ഇനിയും അവസാനിക്കാത്ത ഗാസ, യുക്രെയ്ൻ സംഘർഷങ്ങളും ഈ പട്ടികയിൽ പെടുന്നുണ്ട്. എന്നാൽ ഓപ്പറേഷൻ സിന്ദുറിൽ ട്രംപിന്റെ ഇടപെടൽ ഇന്ത്യ പലയാവർത്തി പരസ്യമായി തള്ളിയിരുന്നു.
ഒട്ടേറെ രാജ്യങ്ങളിലെ ഭരണാധികാരികളും നൊബേലിന് ട്രംപ് അർഹനാണെന്ന് ഇതിനകം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ മാധ്യമ പ്രാധാന്യം നേടുന്നതടക്കമുള്ള കാര്യങ്ങൾ നൊബേൽ നിർണയ തീരുമാനങ്ങളിൽ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് നൊബേൽ പുരസ്കാരം നിർണയിക്കുന്ന നോർവീജിയൽ കമ്മിറ്റിയുടെ സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപിക്കാൻ പറഞ്ഞു. നൊബേൽ പുരസ്കാര ജേതാവിനെ ഒക്ടോബർ പത്തിനാണ് പ്രഖ്യാപിക്കുന്നത്. നൊബേൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെടുന്നതല്ല പുരസ്കാരം നേടുന്നതാണ് വലിയ നേട്ടമെന്നും രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബെർഗ് ഹാർപിക്കൻ പറഞ്ഞു.
















© Copyright 2025. All Rights Reserved