എറണാകുളത്ത് മലയാളദിനാഘോഷത്തിന് ഇന്ന് തുടക്കം; ഭരണഭാഷാ വാരാഘോഷവും ആരംഭിക്കും

02/11/26
Malayalam Day celebration and official language week inauguration at Ernakulam Collectorate

മലയാള ഭാഷയുടെ പ്രാധാന്യവും ഭരണരംഗത്തെ മലയാളത്തിന്റെ ഉപയോഗവും ഉയർത്തിപ്പിടിക്കുന്നതിനായി എറണാകുളം ജില്ലയിൽ ഇന്ന് മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം കളക്ടറേറ്റിൽ നടക്കുന്ന മലയാളദിനാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം ഭരണഭാഷാ സന്ദേശവും നൽകും. പ്രശസ്ത ചരിത്രകാരനായ ഡോക്ടർ കെ.കെ.എൻ. കുറുപ്പ് വിശിഷ്ടാതിഥിയായിരിക്കും. മലയാളഭാഷയുടെ പ്രചാരണത്തിനും ഔദ്യോഗിക കാര്യങ്ങളിൽ മലയാളത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ജില്ലയിലെ അസിസ്റ്റന്റ് കളക്ടർമാർക്ക് മലയാളം പഠിപ്പിച്ച കളക്ടറേറ്റ് ജീവനക്കാരൻ ടി.വി. സുനിൽകുമാറിനെ ചടങ്ങിൽ ആദരിക്കും. പി.കെ. ഗോപി അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. പി.കെ. ഗോപി രചിച്ച 'ഇളനീർമധുരം മലയാളം' എന്ന ഗാനവും ചടങ്ങിൽ പ്രകാശനം ചെയ്യും. ടി.പി.വി. വിവേകാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ടി.പി.വി. വിവേകും രേഖ ശൈലേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗാനത്തിന്റെ പ്രകാശനച്ചടങ്ങ് നിർവഹിക്കും. മീനാ കുറുപ്പും സംഘവും ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. 'കാവ്യഗീതിക' എന്ന പേരിൽ കവിതകളുടെ സംഗീതാവിഷ്കാര പരിപാടിയും അരങ്ങേറും. ടി.പി.വി. വിവേകാണ് പരിപാടി അവതരിപ്പിക്കുന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ രമ്യ എ.ടി., അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിക്കും. നവംബർ ഏഴിന് രാവിലെ പതിനൊന്ന് മണിക്ക് സർക്കാർ ജീവനക്കാർക്കായി ഭരണഭാഷാ പ്രശ്നോത്തരി സംഘടിപ്പിക്കും. ശ്രീകുമാർ മുഖത്തലയാണ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകുന്നത്. വിജയികൾക്കുള്ള സമ്മാനവിതരണത്തോടെയും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെയും വാരാഘോഷം അവസാനിക്കും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu