ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ചൈനയ്ക്ക് നൂറിലധികം മെഡലുകൾ; ഇന്ന് ഷൂട്ടിംഗിലും അത്ലറ്റിക്സിലും മെഡൽ പ്രതീക്ഷയോടെ ഇന്ത്യ

25/09/26
Indian athletes at Asian Games 2026

ജപ്പാനിലെ ഐച്ചി-നഗോയയിൽ പുരോഗമിക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് നിരവധി മെഡൽ പ്രതീക്ഷകൾ. ഗെയിംസ് ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചൈന മെഡൽ വേട്ടയിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എൺപത് സ്വർണ്ണമുൾപ്പെടെ നൂറ്റിമുപ്പത് മെഡലുകൾ നേടിക്കൊണ്ട് ചൈന മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരുപത് സ്വർണ്ണമുൾപ്പെടെ തൊണ്ണൂറ്റിയൊന്ന് മെഡലുകൾ നേടിയ ആതിഥേയരായ ജപ്പാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഒരു സ്വർണ്ണവും ഏഴ് വെള്ളിയും ഒൻപത് വെങ്കലവുമടക്കം പതിനേഴ് മെഡലുകൾ നേടിയ ഇന്ത്യ നിലവിൽ പതിനഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരങ്ങളിൽ അത്ലറ്റിക്സിലും ഷൂട്ടിംഗിലുമാണ് ഇന്ത്യ പ്രധാനമായും മെഡലുകൾ പ്രതീക്ഷിക്കുന്നത്. അത്ലറ്റിക്സിൽ വനിതകളുടെ ഷോട്ട് പുട്ട് ഫൈനലിൽ മൻപ്രീത് കൗർ, കൃഷ്ണ ജയശങ്കർ മേനോൻ എന്നിവർ ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിന്റെ ഫൈനലിൽ ഇന്ത്യയുടെ ഗുൽവീർ സിംഗ് ട്രാക്കിലിറങ്ങും. വനിതകളുടെ പോൾ വാൾട്ട് ഫൈനലിൽ സിന്ധുശ്രീ ഗണേശ, ബരണിക ഇളങ്കോവൻ എന്നിവരും ഇന്ന് മാറ്റുരയ്ക്കുന്നുണ്ട്. ഷൂട്ടിംഗിൽ പുരുഷന്മാരുടെ അമ്പത് മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഫൈനലിൽ ഐശ്വര്യ പ്രതാപ് സിംഗ് തോമർ, രുദ്രാങ്കാഷ് പാട്ടീൽ, നീരജ് കുമാർ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി വെടിയുതിർക്കും. കബഡിയിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ സെമി ഫൈനൽ പോരാട്ടങ്ങളും ഇന്നാണ് നടക്കുന്നത്. വനിതാ ഹോക്കിയിൽ പൂൾ ബിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് ആതിഥേയരായ ജപ്പാനുമായി ഏറ്റുമുട്ടും. സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിംഗ് ജപ്പാന്റെ റ്യൂനോസുകെ സുകുവെയെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നേരിടും. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ മാനുഷ് ഷാ-ദിയ ചിതാലെ, ഹർമീത് ദേശായി-യശസ്വിനി ഘോർപഡെ സഖ്യങ്ങളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഇതിനുപുറമെ സർഫിംഗ്, ഫെൻസിംഗ്, കുതിരയോട്ടം തുടങ്ങിയ നിരവധി ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu