ഐ.എഫ്.എഫ്.കെ.യിൽ ഇനി സിനിമകൾക്ക് കാത്തിരിപ്പ് വേണ്ട; പുലർച്ചെ ഏഴുമുതൽ രാത്രി വൈകിയും പ്രദർശനം

02/11/26
Extended film screening schedule at Tagore Theatre for IFFK 2026

തിരുവനന്തപുരം: ചലച്ചിത്രപ്രേമികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന പ്രഖ്യാപനവുമായി 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ചലച്ചിത്രമേളയിലെ സിനിമാപ്രദർശനങ്ങൾ കൂടുതൽ വിപുലമായ സമയക്രമത്തിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിലായിരിക്കും മുഴുവൻ സമയ സിനിമാപ്രദർശനങ്ങൾ ഒരുക്കുക. രാവിലെ ഏഴുമണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. കാണികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രാത്രി വൈകിയും സിനിമാപ്രദർശനങ്ങൾ ഉണ്ടാകും. ഇഷ്ടചിത്രങ്ങൾ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രദർശനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ സിനിമകൾ ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കും. ചലച്ചിത്രമേളയുടെ ജനകീയ സ്വഭാവം നിലനിർത്തുന്നതിനും സംഘാടകർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സിനിമാരംഗത്തെ പ്രമുഖർക്കൊപ്പം സാധാരണ സിനിമാപ്രേമികൾക്കും മേളയിൽ തുല്യ പ്രാധാന്യം നൽകും.

വിദേശത്തുനിന്ന് എത്തുന്ന പ്രതിനിധികൾക്കായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള പ്രത്യേക പദ്ധതിയും ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വിനോദസഞ്ചാര സാധ്യതകളും വിദേശ അതിഥികൾക്ക് പരിചയപ്പെടുത്താനാകും.

മേളയുടെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. കനകക്കുന്നിൽ ആറുദിവസം നീളുന്ന പരമ്പരാഗത കലാപരിപാടികളും അരങ്ങേറും. സാംസ്കാരിക കാര്യ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

സാംസ്കാരിക കാര്യ വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളും മേളയുടെ ഭാഗമായി പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. ഇതിനായുള്ള സ്വീകരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സിനിമ, കല, സംസ്കാരം, വിനോദസഞ്ചാരം എന്നിവയെ ഒരുമിപ്പിക്കുന്ന വലിയൊരു സാംസ്കാരിക ആഘോഷമായി മേളയെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. സിനിമാപ്രേമികൾക്ക് കൂടുതൽ ചിത്രങ്ങൾ കാണാനും അന്താരാഷ്ട്ര സിനിമകളെ അടുത്തറിയാനും ഈ പുതിയ ക്രമീകരണം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu