
ദില്ലി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വിജയ വഴിയിൽ തിരിച്ചെത്താനാണ് ഇരു ടീമുകളുടേയും ശ്രമം. ഡൽഹിയിൽ രാത്രി 7.30നാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താൻ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസും എട്ടാമതുള്ള കൊൽക്കത്തയും. അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചതിന്‍റെ ആവേശത്തിലാണ് കൊൽക്കത്ത വരുന്നതെങ്കിൽ ചെന്നൈയോട് തോറ്റതിന്‍റെ ക്ഷീണമുണ്ട് ഡൽഹിക്ക്. പോയിന്‍റ് പട്ടികയിൽ ഡൽഹിക്ക് ആകെ ജയം നാല്, കൊൽക്കത്തയ്ക്ക് മൂന്ന്. ഇന്ന് ജയിക്കുന്നവർക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ വയ്ക്കാം.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. 264 റൺസെടുത്ത് ടോപ് ഫോമിലെത്തുന്ന ബാറ്റർമാർ തൊട്ടടുത്ത മത്സരത്തിൽ 75ന് പുറത്തായി ആരാധകരെ ഞെട്ടിച്ചിരുന്നു. ബാറ്റർമാർ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ടീമിന് മുന്നേറാവൂ. ബൗളിങ്ങിനെ തുണയ്ക്കുന്ന ഡൽഹി സ്റ്റേഡിയത്തിൽ അക്സറും കുൽദീപും സ്റ്റാർക്കുമടങ്ങുന്നവരും തിളങ്ങിയാൽ ഡൽഹിക്ക് പവറാകും.
ബൗളിങ് കരുത്തിലാണ് കൊൽക്കത്തയുടെ ടൂർണമെന്റിലെ മുന്നേറ്റം. വൻ തോൽവികളുടെ ആദ്യ പകുതിക്ക് ശേഷം രാജസ്ഥാനെ വീഴ്ത്തിയ കൊൽക്കത്ത പിന്നാലെ ലക്നൗവിനേയും ഹൈദരാബാദിനേയും വീഴ്ത്തി. വിന്നിങ് ആറ്റിറ്റ്യൂഡിലേക്ക് എത്തിയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നോക്കൗട്ട് പോലെ പ്രധാനം. നേർക്കുനേർ പോരിൽ മുൻതൂക്കാം കൊൽക്കത്തയ്ക്ക്. 35ൽ 19 കൊല്‍ക്കത്ത ജയിച്ചപ്പോൾ ഡൽഹി ജയം 15ലൊതുങ്ങി. ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുത്തേക്കും. സീസണിലെ അഞ്ചിൽ നാല് മത്സരങ്ങിലും ചേസിങ് ടീം ജയിച്ചതാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ റെക്കൊർഡ്. ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ് പതിവെങ്കിലും ബൗളിങ് വിരുന്നാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങൾ. അതിനാൽ തന്നെ ബോളർമാരിൽ പ്രതീക്ഷയർപ്പിച്ചാകും ടീമുകളിറങ്ങുക.
















© Copyright 2025. All Rights Reserved