ടി20 ലോകകപ്പ്: താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ

10/03/26

ഇന്ത്യൻ ക്രിക്കറ്റില്‍ ഏറെക്കാലമായി നമ്മള്‍ നാഴികക്കല്ലുകളെക്കുറിച്ച് സംസാരിക്കുന്നു. ഞാൻ തുടരുന്നിടത്തോളം അത് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു, എന്നത്തേയും പോലെ ഉറച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി.

ക്രിക്കറ്റ് മതവും അതിനൊരു ദൈവമുണ്ടായ മണ്ണാണ്. ദാദയും തലയും രാജാവും ഹിറ്റ്മാനും നിറഞ്ഞുനിന്ന ക്രക്കറ്റ് ഭൂപടമാണ്. അവിടെ താരങ്ങളുടെ തിളക്കത്തെ പുറത്തുവെച്ച് അയാള്‍ ഒരു സംഘത്തെ ഉണ്ടാക്കി. സെഞ്ചുറികള്‍ ശീലമാക്കിയവരുടെ, റണ്‍മലകള്‍ കയറിയവരുടെ പിൻഗാമികളെ അയാള്‍ നിസ്വാര്‍ത്ഥതയെന്താണെന്ന് പഠിപ്പിച്ചു, ആ മനോഭാവത്തില്‍ നിന്നാണ് ഐതിഹാസിക ദിവസങ്ങള്‍ പിറക്കുന്നതെന്ന് അവര്‍ക്ക് കാണിച്ചുകൊടുത്തു.

അഹമ്മദാബാദിന്റെ ആകാശത്തിന് കീഴില്‍ ആ നിമിഷം സംഭവിക്കുമ്പോള്‍ ഭാവവ്യത്യാസങ്ങളില്ലാതെ മെല്ലെ അയാള്‍ ഡഗൗട്ടില്‍ നിന്ന് പുറത്തേക്ക് നടന്നു. അയാള്‍, ഗൗതം ഗംഭീര്‍.

2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലെ. സെഞ്ചുറിയിലേക്കുള്ള ദൂരം കേവലം മൂന്ന് റണ്‍സ് മാത്രമായിരുന്നു. ഒൻപത് ഓവര്‍ അപ്പോഴും ബാക്കിയുണ്ട്. ഇന്ത്യക്ക് ജയിക്കാൻ 53 പന്തില്‍ 52 റണ്‍സ്. ഇന്ന് നോക്കുമ്പോള്‍ അനായാസമെന്ന് തോന്നുന്നൊരു കണക്കാണ്. പക്ഷേ, ഏകദിന ലോകകപ്പ് ഫൈനലില്‍ അത്ര നിസാരമല്ല.

ലോകകപ്പ് ഫൈനലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറിയെന്ന അപൂര്‍വത മുന്നിലുള്ളപ്പോഴാണ് തിസാര പെരേരയ്ക്കെതിരെ ക്രീസുവിട്ടിറങ്ങി ഒരു ബൗണ്ടറിക്ക് ശ്രമിക്കുന്നത്, സമ്മര്‍‍ദം ഇല്ലാതാക്കാൻ. ആ മനോഭാവത്തിന് വില കൊടുക്കേണ്ടി വന്നത് വിക്കറ്റായിരുന്നു. നീഡ്‌ലെസ് ഷോട്ടെന്നായിരുന്നു അന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ചത്. സച്ചിൻ എന്ന ഇതിഹാസത്തിന്റെ കരിയര്‍ പൂര്‍ണതയിലെത്തിയ രാത്രി തന്റെ പേരിലാക്കാമായിരുന്നു, പക്ഷേ ഗംഭീര്‍ അപ്പോഴും കിരീടത്തിനായിരുന്നു വിലകൊടുത്തത്, ഒരു പക്ഷേ അന്നൊക്കെ ഗംഭീറിന് മാത്രം കഴിയുന്നത്.

കരിയറിലുടനീളം ഇത്തരം തീരുമാനങ്ങള്‍ എടുത്തൊരാള്‍ പരിശീലകകുപ്പായമണിഞ്ഞപ്പോഴും അത് തന്നെ തിരഞ്ഞെടുത്തു. അതിലൊന്നാമത്തേത് സ‌ഞ്ജുവില്‍ അര്‍പ്പിച്ച വിശ്വാസം തന്നെയായിരുന്നു. സഞ്ജു സാംസണ്‍ ഇന്ത്യയിലെ ഒരു മികച്ച വിക്കറ്റ് കീപ്പര്‍ മാത്രമല്ല, അയാള്‍ ഏക്കവും മികച്ച ബാറ്റര്‍ തന്നെയാണ്. ഒരിക്കല്‍ ഗംഭീര്‍ കുറിച്ചതാണ് ഈ വാക്കുകള്‍. അല്‍പ്പം വൈകിയാണെങ്കിലും ഈഡനിലും വാംഖഡയിലും അഹമ്മദാബാദിലും സഞ്ജുവത് ലോകത്തിന് കാണിച്ചുകൊടുത്തു, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും വലിയ ഉയിര്‍പ്പ്.

തന്റെ ടീം എങ്ങനെയാകണമെന്ന തത്വം ഗംഭീര്‍ കിരീടനേട്ടത്തിന് ശേഷം വിവരിച്ചതും സഞ്ജുവിനെ ഉദാഹരിച്ചുകൊണ്ടായിരുന്നു. സഞ്ജുവിന്റെ അവസാന മൂന്ന് സ്കോറുകള്‍ നോക്കു. 97 നോട്ടൗട്ട്, 89, 89. വ്യക്തിഗതനേട്ടങ്ങള്‍ക്ക് വേണ്ടി അയാള്‍ കളിച്ചിരുന്നുവെങ്കില്‍ 250 എന്ന വലിയ സ്കോര്‍ മറികടക്കാൻ കഴിയുമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്‍ കൊണ്ടാടുന്നത് അവസാനിപ്പിക്കുക, കിരീടങ്ങള്‍ ആഘോഷിക്കുക.

മറ്റൊന്ന് ഇഷാൻ കിഷൻ. ട്വന്റി 20 ലോകകപ്പിന് മാസങ്ങള്‍ക്ക് മുൻപ് വരെ ഇന്ത്യ ക്രിക്കറ്റിന്റെ റഡാറിന്റെ ഓരത്ത് പോലും ഉണ്ടായിരുന്നില്ല ഇഷാൻ. പക്ഷേ, സെയ്‌ദ് മുഷ്‌താഖ് അലി ടൂര്‍ണമെന്റിലെ ഒറ്റ പ്രകടനം കൊണ്ട് ഇഷാൻ ഒരു സ്റ്റേറ്റ്മെന്റ് നടത്തി. സെലക്‌ടര്‍മാര്‍ക്ക് കണ്ണടയ്ക്കാൻ കഴിയാത്തത്ര ശബ്ദത്തിലായിരുന്നു ആ ബാറ്റ് മുഴങ്ങിയത്. ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതിയാണ് ഇഷാൻ അവസരം കൊടുത്തത്. പോസ്റ്റര്‍ ബോയിയായ ശുഭ്മാൻ ഗില്ലിനെ പോലും പിന്തള്ളിയാണ് സഞ്ജുവിനൊപ്പം ഇഷാൻ എത്തുന്നതെന്ന് ഓര്‍ക്കണം.

ന്യൂസിലൻഡ് പരമ്പരയില്‍ ഇഷാൻ സെലക്ടര്‍മാരുടേയും ഗംഭീറിന്റെയും തീരുമാനങ്ങള്‍ ശരിവെച്ചു, ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്നിട്ടും വിശ്വവേദിയില്‍ പേരുമയുടെ നിഴല്‍ മാത്രമായ അഭിഷേക് ശര്‍മ. ലോകകപ്പ് ഫൈനലില്‍ 18 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം അഭിഷേക് പറഞ്ഞതെല്ലാം ഗംഭീറും സൂര്യയും തന്നില്‍ കാണിച്ച ആത്മവിശ്വാസത്തെക്കുറിച്ചായിരുന്നു.

ഗംഭീറിന്റെ കീഴിലെ സഞ്ജുവിനേയും അഭിഷേകിനേയും ഇഷാനെയും എടുക്കാം. ഇന്ത്യൻ ടീമിലെ ഏറ്റവും ഡിസ്ട്രക്റ്റീവായ മൂന്ന് ബാറ്റര്‍മാര്‍. എങ്ങനെയാണ് അവര്‍ ഡിസ്ട്രക്റ്റീവാകുന്നത്, സെല്‍ഫ്‌ലസായതുകൊണ്ട് മാത്രം. മൂന്ന് സെഞ്ചുറികള്‍ക്ക് സഞ്ജുവിന് മുന്നില്‍ സാധ്യതയുണ്ടായിരുന്നു, പക്ഷേ പുറത്തായ രണ്ട് മത്സരങ്ങളിലും സിക്‌സറിന് ശ്രമിച്ചായിരുന്നു മടക്കം.

അഭിഷേക് സ്കോര്‍ ചെയ്യാത്ത മത്സരങ്ങളൊക്കെ എടുക്കൂ, പ്രതിരോധം തിരഞ്ഞെടുത്ത് അല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ എല്ലാ മത്സരങ്ങളിലും 20-30 റണ്‍സ് സ്കോര്‍ ചെയ്യാൻ കഴിയുമായിരുന്നു. ടീമിന്റെ ഫിലോസഫി വിടാൻ അഭിഷേക് തയാറായില്ല. അനായാസം അ‍ര്‍ദ്ധ ശതകം നേടാമാകുന്ന ക്യാമിയോകള്‍ ഇഷാനുമുണ്ടായിരുന്നു. ലീവ് ബൈ സ്വേഡ്, ഡൈ ബൈ സ്വേഡ് എന്നതായിരുന്നു നിലപാടായിരുന്നു മൂവരും സ്വീകരിച്ചത്, ടീം ഫസ്റ്റ്.

ഹാര്‍ദിക്ക് പാണ്ഡ്യക്ക് മുകളില്‍ സൂര്യകുമാര്‍ യാദവിനെ നായകനാക്കിയ തീരുമാനം വിസ്മരിക്കാനാകില്ല. ടീമിന്റെ ഈ മനോഭാവത്തോട് ചെര്‍ന്ന് നില്‍ക്കുന്ന ശൈലിയാണ് സൂര്യക്കും, അത് ഗംഭീര്‍ തന്നെ ശരിവെച്ചിട്ടുള്ള കാര്യമാണ്. കിരീടനേട്ടത്തിന് ശേഷം അടിത്തറ പാകിയ ദ്രാവിഡും പിന്നണിയില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ദൃഢമാക്കുന്ന വിവിഎസിനും ഗംഭീര്‍ നന്ദി പറഞ്ഞു. ഗംഭീറിന്റെ സെല്‍ഫ്‌ലസ് ഫിലോസഫിയില്‍ കുതിക്കുന്ന ഇന്ത്യ ലോകത്തിന്റെ നെറുകയില്‍.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu