
ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പിജി പരീക്ഷയിൽ സുപ്രധാന മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങൾ അവരുടെ സ്വന്തം സംസ്ഥാനത്ത് തന്നെ അനുവദിക്കാൻ തീരുമാനിച്ചു. ഇതിനായി മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും. ഇതിൽ ആദ്യത്തേത് വിദ്യാർത്ഥിയുടെ സ്വന്തം സംസ്ഥാനം ആയിരിക്കണം എന്നത് നിർബന്ധമാണ്. പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന വിവരം മൂന്നാഴ്ച മുൻപ് തന്നെ വിദ്യാർത്ഥികളെ അറിയിക്കും. ഇത് അവർക്ക് യാത്രാ സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കാൻ സഹായിക്കും. പരീക്ഷാ സമയത്തിലും ചോദ്യങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ 210 മിനിറ്റ് സമയം ലഭിക്കും. കഴിഞ്ഞ തവണ രണ്ട് ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ ഇത്തവണ ഒരൊറ്റ ഷിഫ്റ്റിൽ തന്നെ നടത്തും. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ചോദ്യപേപ്പറുകൾ എൻക്രിപ്റ്റ് ചെയ്ത് ഡിജിറ്റൽ രൂപത്തിലാകും പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുക. ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, സിഗ്നൽ ജാമറുകൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ നേതൃത്വത്തിൽ പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി. അറുപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.
















© Copyright 2025. All Rights Reserved