പശ്ചിമ ബംഗാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; പി.എം കിസാൻ പദ്ധതിയുടെ 23-ാം ഗഡു ഇന്ന് കർഷകർക്ക് കൈമാറും

20/06/26

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെത്തും. ഇന്ന് വൈകുന്നേരം ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടക്കുന്ന 'പശ്ചിമബംഗ ദിവസ്' അഥവാ പശ്ചിമ ബംഗാൾ രൂപീകരണ ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ആഘോഷ പരിപാടികൾക്ക് പുറമെ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം ഇന്ന് തുടക്കം കുറിക്കും. കർഷകർക്കായുള്ള പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഇരുപത്തിമൂന്നാമത്തെ ഗഡു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പതിനെണ്ണായിരത്തി എണ്ണൂറ്റി എൺപത് കോടി രൂപയാണ് ഇതിലൂടെ രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. ഇന്ത്യയിലുടനീളമുള്ള ഒൻപത് കോടി നാൽപ്പത്തിനാല് ലക്ഷത്തോളം കർഷകർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, അഗ്രി സ്റ്റാക്ക് തുടങ്ങിയ സുപ്രധാന കാർഷിക പദ്ധതികൾക്കും പശ്ചിമ ബംഗാളിൽ ഇന്ന് ഔദ്യോഗികമായി തുടക്കമാകും. സംസ്ഥാനത്തെ അൻപത് ലക്ഷത്തോളം കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് ഫസൽ ബീമാ യോജനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പദ്ധതിയും സംസ്ഥാനത്ത് വിപുലമാക്കും. കാർഷിക മേഖലയ്ക്ക് പുറമെ റെയിൽവേ, ഗ്രാമവികസനം, ഫിഷറീസ് എന്നീ മേഖലകളിലും വലിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹൗറയിൽ മുന്നൂറ് കിടക്കകളുള്ള പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവ്വഹിക്കും. നാളെ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്കും പ്രധാനമന്ത്രി കൊൽക്കത്തയിൽ വെച്ച് നേതൃത്വം നൽകും. 'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന പ്രമേയം. ഇതിനുശേഷം നാവികസേനയ്ക്കായി തദ്ദേശീയമായി നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകളും അദ്ദേഹം നാടിന് സമർപ്പിക്കും. ഐ.എൻ.എസ് ദുനഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രേ എന്നീ കപ്പലുകളാണ് കൊൽക്കത്ത പോർട്ടിൽ വെച്ച് കമ്മീഷൻ ചെയ്യുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu