
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് തലവൻ സാക്ക അഷറഫിന്റെ നിർബന്ധത്തെ തുടർന്നാണു ചാറ്റുകൾ പുറത്തുവിട്ടതെന്ന് പാക്കിസ്ഥാനി അവതാരകൻ വസീം ബദാമി വെളിപ്പെടുത്തി. പാക്കിസ്ഥാൻ ക്യാപ്റ്റന്റെ സ്വകാര്യ സന്ദേശങ്ങൾ പുറത്തുവന്നതു തെറ്റാണെന്നും ക്ഷമ ചോദിക്കുന്നതായും പാക്ക് അവതാരകൻ പ്രതികരിച്ചു. ബാബറിന്റെ ചാറ്റുകൾ ചാനലിൽ കാണിക്കേണ്ടെന്നാണു തീരുമാനിച്ചതെന്നും എന്നാൽ പിന്നീട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവന്‍ സാക്ക അഷറഫിന്റെ വിഡിയോ സന്ദേശം എത്തിയതോടെയാണു തീരുമാനം മാറ്റിയതെന്നും വസീം പറഞ്ഞു. പിസിബി സിഒഒ സൽമാൻ നിസാറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള ചാറ്റാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലോകകപ്പിനിടെ സാക്ക അഷറഫിനെ വിളിച്ചിരുന്നോയെന്നു സൽമാൻ ബാബറിനോടു ചോദിക്കുമ്പോൾ, ഇല്ലെന്നാണു പാക്കിസ്ഥാൻ ക്യാപ്റ്റൻ നൽകിയ മറുപടി. ‘‘ലൈവിൽ പല തീരുമാനങ്ങളും ഞങ്ങൾക്കു പെട്ടെന്ന് എടുക്കേണ്ടിവരും. കുറേ ആളുകൾ അതിന്റെ ഭാഗമാണ്. സ്വാഭാവികമായും ചില തീരുമാനങ്ങൾ ശരിയാകും, ചിലതു തെറ്റിപ്പോകും. പിസിബിയുടെ സീനിയർ ഉദ്യോഗസ്ഥനുമായി ബാബർ അസം നടത്തിയ ചാറ്റ് ചോർന്നതു ഞങ്ങളുടെ പിഴവാണ്.’’– വസീം ബദാമി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ചു.
‘‘ബാബറിന്റെ പ്രൈവറ്റ് ചാറ്റ് പുറത്തുവിടേണ്ടെന്ന് ഒരു മണിക്കൂർ മുൻപേ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ പരിപാടിക്ക് ഏതാനും മിനിറ്റുകൾക്കു മുൻപ് ഞങ്ങൾക്ക് സാക്ക അഷറഫിന്റെ ഒരു വിഡിയോ സന്ദേശം ലഭിച്ചു. സ്ക്രീൻ ഷോട്ട് അയക്കുന്നുവെന്നും അതു ചാനലിൽ കാണിക്കണമെന്നും സാക്ക അഷറഫ് ഞങ്ങളോടു പറഞ്ഞു. മുഴുവൻ ഉത്തരവാദിത്തവും സാക്ക അഷറഫ് ഏറ്റെടുത്തു. അതുകൊണ്ട് ആ സ്ക്രീൻ ഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്യാമെന്നാണു ഞങ്ങൾ കരുതിയത്.’’– പാക്ക് അവതാരകൻ വ്യക്തമാക്കി.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് അഞ്ചു മാസത്തെ പ്രതിഫലം കിട്ടാനുണ്ടെന്നു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ മുൻ താരം റാഷിദ് ലത്തീഫ് ആരോപിച്ചിരുന്നു. ഇതിനായി ബാബർ അസം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർക്കു സന്ദേശം അയച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഒരു ടിവി ഷോയ്ക്കിടെ റാഷിദ് ലത്തീഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാബറിന്റെ ചാറ്റുകൾ പുറത്തായത്. ഏകദിന ലോകകപ്പിൽ പുറത്താകലിന്റെ വക്കിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഉള്ളത്.
















© Copyright 2025. All Rights Reserved