
ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന പത്താമത് എൻകോർഡ് ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. ഈ യോഗത്തിൽ വിവിധ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്തെ യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് ശൃംഖലകളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2026-2029 കാലയളവിലേക്കുള്ള മയക്കുമരുന്ന് നിയന്ത്രണ വിഷൻ ഡോക്യുമെന്റ് അദ്ദേഹം പുറത്തിറക്കി. അതോടൊപ്പം തന്നെ ദേശീയ തലത്തിൽ ഓൺലൈൻ ഡ്രഗ് ഡിസ്പോസൽ ക്യാമ്പയിനും അമിത് ഷാ ഇന്ന് തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളം പിടിച്ചെടുത്ത 2,09,500 കിലോഗ്രാം വരുന്ന മയക്കുമരുന്നുകൾ നശിപ്പിക്കാനാണ് സർക്കാർ തീരുമാനം. നശിപ്പിക്കുന്ന ഈ ലഹരിവസ്തുക്കൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 6,000 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും ഈ കൂറ്റൻ മയക്കുമരുന്ന് ശേഖരം നശിപ്പിക്കുകയെന്ന് എൻ.സി.ബി അധികൃതർ അറിയിച്ചു. സിന്തറ്റിക് ഡ്രഗ്സ്, ഡാർക്ക്നെറ്റ് ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത് എന്നിവ അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഇത് നേരിടാൻ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ അന്വേഷണ ഏജൻസികൾക്ക് നൽകുമെന്ന് സർക്കാർ ഉറപ്പുനൽകി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി കണ്ട് അവർക്ക് ചികിത്സ നൽകുന്ന പുനരധിവാസ പ്രവർത്തനങ്ങളും ശക്തമാക്കും. ജമ്മുവിലും ഗുവാഹത്തിയിലുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പുതിയ സോണൽ ഓഫീസുകൾക്കും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്തു. എൻ.സി.ബിയുടെ 2025 ലെ വാർഷിക റിപ്പോർട്ടും ഈ ചടങ്ങിൽ വെച്ച് അദ്ദേഹം ഔദ്യോഗികമായി പ്രകാശനം ചെയ്തു. അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് പൂർണ്ണമായും തടയാൻ അതിർത്തി രക്ഷാ സേനയുമായി ചേർന്ന് പ്രത്യേക ദൗത്യങ്ങൾ നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
















© Copyright 2025. All Rights Reserved