
യുണൈറ്റഡ് കിംഗ്ഡത്തിൽ വീണ്ടും ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ്. ബൊലോ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് ഇന്ന് ശനിയാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽത്തീരങ്ങളിലും തുറന്ന പ്രദേശങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 80 മൈൽ വരെയാകാമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയും ശക്തമായ കാറ്റും ഒരുമിച്ചെത്തുന്നത് ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മരക്കൊമ്പുകളും മരങ്ങളും കടപുഴകി വീഴുന്നത് റോഡുകളിലും റെയിൽവേ പാതകളിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. കടൽത്തീരങ്ങളിൽ വലിയ തിരമാലകൾ രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കടൽത്തീരങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ യാത്രയ്ക്ക് മുമ്പ് പരിശോധിക്കണമെന്നും നിർദേശമുണ്ട്. സ്കോട്ട്ലൻഡിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് ശനിയാഴ്ച മുതൽ ഞായറാഴ്ച രാത്രി വരെ നീളും. വടക്കൻ ഇംഗ്ലണ്ടിലും സമാനമായ കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. നേരത്തെ ആസ്റ്റൻ കൊടുങ്കാറ്റ് തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും നാശനഷ്ടങ്ങളും വൈദ്യുതി തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. അതിന്റെ തുടർപ്രശ്നങ്ങൾക്കിടയിലാണ് പുതിയ കൊടുങ്കാറ്റ് എത്തുന്നത്. അടിയന്തര ആവശ്യങ്ങൾക്കുള്ള ഭക്ഷണം, കുടിവെള്ളം, ടോർച്ച്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ എന്നിവ വീട്ടിൽ കരുതാൻ സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി മുടങ്ങുകയോ യാത്രകൾ തടസ്സപ്പെടുകയോ ചെയ്താൽ സുരക്ഷിതമായി കഴിയാൻ മുൻകരുതലുകൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ന് രാത്രിയിലും ഞായറാഴ്ചയും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അത്യാവശ്യമായ യാത്രകൾക്ക് മുൻഗണന നൽകുകയും ചെയ്യണമെന്നാണ് പൊതുജനങ്ങൾക്കുള്ള നിർദേശം.
















© Copyright 2025. All Rights Reserved