
ഉത്തർപ്രദേശിലെ ലക്നൗവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കോച്ചിംഗ് സെൻ്ററിലുണ്ടായ വൻ തീപിടുത്തത്തിൽ പതിനഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ലക്നൗവിലെ അലിഗഞ്ച് പുരാനിയ മേഖലയിലുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനിമേഷൻ കോച്ചിംഗ് സെൻ്ററിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കഴിയാതെ പുക ശ്വസിച്ചാണ് കൂടുതലാളുകളും മരിച്ചത്. സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ സംസ്ഥാനവ്യാപകമായി കർശന നടപടികൾ ആരംഭിച്ചു. ഈ അപകടവുമായി ബന്ധപ്പെട്ട് നാല് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. കൂടാതെ ആറ് പേർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും നാല് പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അനധികൃത കോച്ചിംഗ് സെൻ്ററുകൾ കണ്ടെത്താൻ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സർക്കാർ അടിയന്തര നിർദ്ദേശം നൽകിയിരിക്കുകയാണ്. കെട്ടിടങ്ങളുടെ അഗ്നിരക്ഷാ സംവിധാനങ്ങൾ, ഇലക്ട്രിക്കൽ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബേസ്മെൻ്റുകളിൽ കോച്ചിംഗ് സെൻ്ററുകളോ വാണിജ്യ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നത് കർശനമായി നിരോധിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്.ഐ.ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പരിക്കേറ്റ ഒൻപത് വിദ്യാർത്ഥികൾ ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് പരിശോധന നടത്തി നിർണ്ണായക തെളിവുകൾ ശേഖരിച്ചു. അനധികൃത നിർമ്മാണമായതിനാൽ ഈ മൂന്ന് നില കെട്ടിടം പൊളിച്ചുമാറ്റാൻ ലക്നൗ വികസന അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. രണ്ടായിരത്തി പതിനാറിൽ തന്നെ ഈ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചതിന് പിന്നിലെ അഴിമതിയും എസ്.ഐ.ടി അന്വേഷിക്കും. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ഉടൻ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
















© Copyright 2025. All Rights Reserved